കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി; അന്ത്യം ചെന്നൈയില്‍

കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. 83 വയസ്സായിരുന്നു.ശ്വാസകോശ- ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി മഠത്തിലെ 69ാമത് മഠാധിപതിയായിരുന്നു.

ഇന്നു രാവിലെയാണ് അദ്ദേഹത്തെ കാഞ്ചീപുരത്തെ മഠത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഒന്‍പത് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 1954മുതല്‍ നാല്‍പതു വര്‍ഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു അദ്ദേഹം.

2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013-ല്‍ പുതുശ്ശേരിയിലെ പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.