ശ്രീദേവിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയത് ഇക്കാരണങ്ങളോ?
ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു. മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടന്നത്. സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അനുശോചന സമ്മേളനം നടക്കും.
ദുബായിയില്‍ ശനിയാഴ്ച്ച രാത്രി ഹോട്ടല്‍ മുറിയിലെ ബാത്റൂമില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ശ്രീദേവിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്. ഏറെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവിലാണ് മൃതദേഹം അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്.
ലോക സിനിമയില്‍ത്തന്നെ ഇന്ത്യന്‍ സിനിമയുടെ മുഖമായിരുന്ന ശ്രീദേവിയുടെ വിയോഗ വാര്‍ത്തകള്‍ നിരവധി അന്തര്‍ ദേശീയ-ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തെങ്കിലും ശ്രീദേവിയുടെ മൃത ശരീരത്തിന്റെ ചിത്രങ്ങളോ,ശവസംസ്‌കാര ചടങ്ങുകളോ ഒരു മാധ്യമങ്ങളിലും കണ്ടില്ല. എന്താകും കാരണം? ചടങ്ങുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ കുടുംബം വിലക്കേര്‍പ്പെടുത്തിയിരുന്നു എന്നതാണ് ഉത്തരമെങ്കില്‍. എന്തിനു അവര്‍ ഇത്തരമൊരു വിലക്ക് കൊണ്ട് വന്നു എന്ന് കൂടി ചിന്തിക്കേണ്ടി വരും.
മരണത്തിനു പിന്നാലെ മാധ്യമങ്ങള്‍ അപവാദങ്ങളും പടച്ചു വിട്ടു?
ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിലെത്തിയത്.ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയസ്തംഭനമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. എന്നാല്‍ ബാത്ത്ടബ്ബിലുള്ള മുങ്ങിമരണമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ അവിടുന്നും ഇവിടുന്നുമൊക്കെ അറിഞ്ഞ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തും,ചില ഊഹാപോഹങ്ങള്‍ കുത്തിത്തിരുക്കിയിയും മാധ്യമങ്ങള്‍ ചില കഥകള്‍ മെനഞ്ഞുണ്ടാക്കി. അതില്‍ ശ്രീദേവി ഉപയോഗിച്ചിരുന്ന സൗന്ദര്യ വസ്തുക്കള്‍ തുടങ്ങി, മദ്യവും, ഭര്‍ത്താവ് ബോണി കപൂറിനെ വരെ കുറ്റക്കാരനാക്കി മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ സൃഷ്ട്ടിച്ചു.
പ്രായത്തിന്റെ അവശതയെ മറികടക്കാന്‍ ശ്രീദേവി സൗന്ദര്യ വര്‍ധക ശാസ്ത്രക്രിയകള്‍ നടത്തിയെന്നും.അതാണ് ശ്രീദേവിക്ക് ഹൃദയസ്തംഭനമുണ്ടാക്കിയതെന്നുമായിരുന്നു ആദ്യം പ്രചരിച്ചത്. രണ്ടാമതെത്തിയത് മദ്യത്തെക്കുറിച്ചായിരുന്നു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്ന കണ്ടെത്തല്‍ പുതിയ വിവാദത്തിനു വഴി മരുന്നിട്ടു.
കല്യാണത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ ശ്രീദേവി മദ്യപിച്ചിരുന്നെന്നും, ഇതുകാരണം അബോധാവസ്ഥയിലായ ശ്രീദേവി ബാത്ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നെന്നുമാണ് പിന്നീട് മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥ. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ചില വിവരങ്ങളറിയാനായി ദുബായി പോലീസ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യം ചെയ്തതോടെ വിവാദങ്ങള്‍ക്ക് പിന്നേം ചൂട് കൂട്ടി മാധ്യമങ്ങള്‍.
വിവാഹ ശേഷം ഇന്ത്യയിലെത്തിയ ബോണി, വീണ്ടും ദുബായിക്ക് പറന്നതെന്തിനാണെന്നും, ഹോട്ടലില്‍ തിരിച്ചെത്തിയ ബോണി കപൂര്‍ ഉറങ്ങിക്കിടന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി 15 മിനുട്ടോളം സംസാരിച്ചതല്ല ,അവര്‍ പരസ്[പരം വഴക്കിട്ടതാണെന്നും, ഇതിനു ശേഷമാണ് ശ്രീദേവി മരിച്ചെതെന്നുമൊക്കെ സകല മാധ്യമങ്ങളും കൊട്ടിഘോഷിച്ചു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെ ബോണി കപൂറിനെ പ്രതി പട്ടികയില്‍ നിര്‍ത്തിയ മാധ്യമങ്ങളുമുണ്ട്.
ഒടുവില്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം ശ്രീദേവിയുടേത് അബദ്ധത്തില്‍ ബത്ടബ്ബില്‍ വീണുള്ള മുങ്ങിമരണമാണെന്ന് സ്ഥീതീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കിയ പുക മറകളും, വിവാദങ്ങളുമെല്ലാം വെറുതെയായി. പക്ഷെ മാധ്യമങ്ങളുണ്ടാക്കിയ ഇല്ലാക്കഥകള്‍ ശ്രീദേവിയുടെ വിയോഗത്തില്‍ നെഞ്ച് പൊട്ടിയിരിക്കുന്ന കുടുംബത്തിന് മുറിവില്‍ മുളക് പുരട്ടുന്നതുപോലെയായിരുന്നു. ഒരു വ്യക്തിയുടെ മരണത്തെപോലും തങ്ങളുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി വിനിയോഗിച്ച മാധ്യമങ്ങളുടെ പൊയ്മുഖം തിരിച്ചറിഞ്ഞതിനാലാവണം സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ ശ്രീദേവിയുടെ കുടുംബം വിലക്കിയത്.
ഇനിയും മാധ്യമങ്ങള്‍ പഠിക്കാത്ത ഒരു കാര്യം, മരിച്ചത് ഒരു സെലിബ്രറ്റിയോ അല്ലെങ്കില്‍ ഒരു സാധാരണക്കാരനോ ആയിക്കോട്ടെ , മരിച്ചതിനു ശേഷം വാക്കുകള്‍ കൊണ്ടുള്ള ഈ പോസ്റ്റ്മാര്‍ട്ടം അനാവശ്യമാണ് എന്നതാണ്. ഒന്നവസാനിപ്പിച്ചുകൂടെ… കഷ്ട്ടം തന്നെ …