പുരുഷ ബീജം നിറച്ച വാട്ടര്‍ ബലൂണ്‍ വിദ്യാര്‍ത്ഥിനിയുടെ നേരെ എറിഞ്ഞ് ആക്രമണം; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു വിധത്തിലും കടിഞ്ഞാണിടാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അത് തെളിയിക്കുന്നു. ഒരു കൂട്ടം യുവാക്കള്‍ പുരുഷ ബീജം നിറച്ച വാട്ടര്‍ ബലൂണ്‍ താനങ്ങളുടെ ദേഹത്തേക്ക് എറിഞ്ഞു എന്ന ആരോപണവുമായി ഒരു വിദ്യാര്‍ത്ഥിനി രംഗത്തെത്തിയിരിക്കുകയാണ് .

ഡെല്‍ഹിയില്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം അറിയിച്ചത്. അമര്‍ കോളനി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ പരിചയമില്ലാത്ത ഒരു സംഘം ബിജം നിറച്ച ബലൂണ്‍ ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.

ദേഹത്ത് തട്ടി പൊട്ടിയ ബലൂണിലെ ബീജം തന്റെ കറുത്ത പാന്റില്‍ ആയെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. എന്നാല്‍ തനിക്ക് ആദ്യം ഇതെന്താണെന്ന് മനസിലായില്ലെന്നും ഹോസ്റ്റലില്‍ എത്തി സുഹൃത്ത് പറഞ്ഞ സംശയത്തില്‍ പരിശോധിച്ചപ്പോഴാണ് ഇത് പുരുഷ ബീജമാണെന്ന് തിരിച്ചറിഞ്ഞതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. അതേസമയം ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് കണ്ട് നിജസ്ഥിതി അറിയാനായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും അതിനുശേഷം സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.