ശ്രീദേവിയുടെ വിയോഗ വിവാദങ്ങള്‍ക്കിടയില്‍ വിനീതനായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി.

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പോലീസ് നടപടികള്‍ കഴിഞ്ഞു ഏറ്റുവാങ്ങിയത് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി. മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി,നന്തി നാസര്‍ എന്നിവരും ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് അഷ്‌റഫിനൊപ്പം പങ്കാളികളായി.

ശ്രീദേവിയുടെ മരണാന്തരമുണ്ടായ വിവാദങ്ങളുടെ മറ നീക്കാന്‍ നടത്തിയ പരിശോധനകള്‍ക്കും മറ്റും ശേഷം ഒരു നിയോഗം പോലെയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ അഷ്റഫ് എത്തിയത്. യു.എ.യിലെ പരേതര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച അഷ്‌റഫ് കഴിഞ്ഞ 16 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

പ്രവാസ ജീവിതത്തിനിടയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ എത്ര തിരക്കിനിടയിലും അഷ്റഫ് സഹായഹസ്തവുമായെത്തും. 7 തരം ഔദ്യാഗിക രേഖകളാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ തയ്യാറാക്കേണ്ടത്. ഒരു പ്രതിഫലവും കൂടാതെ തന്റെ കടമയായിക്കണ്ട് ഇക്കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്ന അഷ്റഫിന്റെ സേവനം നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് തുണയാകുന്നു.

അതുകൊണ്ടുതന്നെയാകണം ശ്രീദേവിയുടെ മൃതദേഹം പോലീസ് നടപടികള്‍ കഴിഞ്ഞു ഏറ്റുവാങ്ങാനുള്ള നിയോഗം അഷ്‌റഫിലെത്തിചേര്‍ന്നത്. യു.എ.യില്‍ ചെറുകിട ബിസിനസ്സ് നടത്തുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഷ്റഫ് സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ സജീവസാന്നിധ്യമാണ്.അഷ്റഫിന്റെ ഈ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി, വിദേശ ഇന്ത്യക്കാര്‍ക്ക് രാജ്യം നല്‍കുന്ന പ്രവാസി ഭാരതീയ പുരസ്‌ക്കാരം 2015-ല്‍ ലഭിക്കുകയുണ്ടായി.