ചുവന്ന പട്ടണിഞ്ഞ് ശ്രീദേവി; പ്രിയതാരത്തിന് വിടചൊല്ലി താരങ്ങളും ആരാധകരും
മുംബൈ: ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലെ പൊതുദര്‍ശനം അവസാനിച്ചപ്പോള്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുന്നിന്നു.
ചലച്ചിത്ര ലോകത്ത് നിന്നും വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. തബു, ഹേമ മാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെത്തി തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
അതെ സമയം പൊതുദര്‍ശനം നടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകള്‍ പുറത്തുവച്ചു മാത്രമേ പ്രവേശിക്കാവൂയെന്നും കുടുംബം അറിയിച്ചു. പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടത്തും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശ്രീദേവിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണു ദുബായ് അധികൃതര്‍ വിട്ടുകൊടുത്തത്. മരണം സംബന്ധിച്ച കേസന്വേഷണവും ദുബായ് പൊലീസ് അവസാനിപ്പിച്ചു. അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നു ബാത് ടബില്‍ മുങ്ങിയാണു നടിയുടെ മരണമെന്നാണു ഫൊറന്‍സിക് റിപ്പോര്‍ട്ട്.