ധോണിയുടെ വാക്കുകള്‍ കേട്ടില്ല; റെയ്‌ന തല്ല് വാരിക്കൂട്ടി-വീഡിയോ

ജോഹ്നാസ്ബര്‍ഗ്: ക്യാപ്റ്റന്‍ വിരാട് കോലി പോലും കളിക്കിടെ മുന്‍ നായകന്‍ ധോണിയുടെ ഉപദേശം കൈക്കൊള്ളാറുണ്ട്. ഫീല്‍ഡ് വിന്യാസത്തിലും ബൗളര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും പലപ്പോഴും വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണി തന്നെയാണ് ഇന്ത്യയുടെ നായകന്‍. സ്പിന്നര്‍മാര്‍ പന്തെറിയാനെത്തുമ്പോള്‍ അവര്‍ക്ക് പലപ്പോഴും ധോണി നിര്‍ദേശം നല്‍കാറുണ്ട്. പക്ഷെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 മത്സരത്തില്‍ ധോണി നല്‍കിയ വാക്ക് കേള്‍ക്കാതെ പന്തെറിഞ്ഞ സുരേഷ് റെയ്‌ന പക്ഷെ ശരിക്കും തല്ല് വാങ്ങിച്ചു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അക്ഷര്‍ പട്ടേല്‍ ഒരോവറില്‍ 19 റണ്‍സ് വഴങ്ങിയതിനെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ സുരേഷ് റെയ്‌നയെ വീണ്ടും പന്തേല്‍പ്പിക്കുന്നത്. ക്യാപ്റ്റന്‍ വിശ്വാസം കാത്ത് ആദ്യ മൂന്ന് പന്തുകളിലും അധികം റണ്ണൊന്നും വഴങ്ങാതെ നല്ല രീതിയില്‍ തന്നെ റെയ്‌ന പന്തെറിയുകയും ചെയ്തു. എന്നാല്‍ നാലാം പന്തെറിയുന്നതിന് മുമ്പ് വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി വിക്കറ്റിന് നേരേ വേഗം കൂട്ടിയെറിയരുതെന്ന് റെയ്‌നയോട് നിരവധി തവണ ആവശ്യപ്പെട്ടു.


ഇതുകേള്‍ക്കാതെ വിക്കറ്റിനുനേരെ വേഗതയില്‍ പന്തെറിഞ്ഞ റെയ്‌നയെ ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റക്കാരന്‍ ക്രിസ്റ്റ്യന്‍ ജോങ്കര്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ പായിച്ചു. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും അല്ലേ…