മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഹെല്‍മെറ്റില്‍ ഇന്ത്യന്‍ പതാക വയ്ക്കുമ്പോള്‍ എന്തുകൊണ്ട് ധോണി മാത്രം ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക വയ്ക്കുന്നില്ല; കാരണമുണ്ട്, ഉത്തരവും

ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി ധോണിയോളം നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു ക്യാപ്റ്റനുണ്ടാകില്ല.
വെറുമൊരു ഗെയിം എന്നതിനപ്പുറം രാജ്യത്തോടുള്ള മഹത്തായ ഒരു കടമയായി കാണുന്ന വ്യക്തിയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് മകള്‍ സിവ ജനിച്ചപ്പോഴും സാക്ഷിക്കൊപ്പം നില്‍ക്കാതെ കളിക്കളത്തിലേക്ക് ഇറങ്ങിയ താരമാണ് മഹി. ഇത്രമേല്‍ രാജ്യത്തെയും കളിയെയും സ്നേഹിക്കുകയും ചെയ്യുന്ന ധോണിയുടെ ഹെല്‍മറ്റില്‍ എന്തുകൊണ്ട് ഇന്ത്യയുടെ പതാക പതിച്ചിട്ടില്ല എന്ന് ചോദിക്കുന്ന ചില ആരാധകരെങ്കിലും ഉണ്ടാകും.

എന്നാലിതാ ആ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍മാര്‍ കളിക്കിടെ പലപ്പോഴായി ഹെല്‍മറ്റ് മാറ്റാറുണ്ട്. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം തൊപ്പി ധരിക്കാറാണ് പതിവ്. ഫാസ്റ്റ് ബോളര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുകയും ചെയ്യും.ഇങ്ങനെ പലപ്പോഴായി ഹെല്‍മറ്റ് മാറ്റാന്‍ പന്ത്രണ്ടാമന്റെ സഹായം തേടുക എന്നത് കീപ്പര്‍മാരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മറ്റ് ഫീല്‍ഡില്‍ തന്നെ നിലത്തു വയ്ക്കുകയാണ് പതിവ്.

നിയമ പ്രകാരം ഇന്ത്യന്‍ പതാകയോ പതാകയുള്ള വസ്തുക്കളോ നിലത്ത് വയ്ക്കരുതെന്നാണ്. നിലത്തു വയ്ക്കുകയാണെങ്കില്‍ അത് പതാകയേയും നിയമത്തേയും അപമാനിക്കലാകും. അതുകൊണ്ടാണ് തന്റെ ഹെല്‍മറ്റില്‍ നിന്നും ധോണി പതാക എടുത്തു മാറ്റിയത്. രാജ്യത്തോടും പതാകയോടുമുള്ള ആദരവാണ് ഇതിലൂടെ ധോണി വ്യക്തമാക്കുന്നത്.