വൈകല്യത്തെ ഉള്‍ക്കരുത്തുകൊണ്ട് മറികടന്ന സ്വപ്ന അഗസ്റ്റിന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഐകോണിക് വുമണ്‍ ഓഫ് ദി ഇയര്‍

എറണാകുളം/വിയന്ന: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഐകോണിക് വുമണ്‍ മത്സരത്തില്‍ സ്വപ്ന അഗസ്റ്റിന്‍ വിജയിയായി. സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച വോട്ടിംഗിലൂടെയാണ് സ്വപ്നയെ വിജയിയായി തിരഞ്ഞെടുത്തത്.

പ്രേക്ഷക വോട്ടിങ്ങിന് അവസാന റൗണ്ടില്‍ എത്തിയ ആറ് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നാണ് സ്വപ്നയെ പ്രേക്ഷകര്‍ നിര്‍ദ്ദേശിച്ചത്. നര്‍ഗീസ് ബീഗം, ആമി വിളക്കുടി, നിഷ സ്‌നേഹക്കൂട്, അശ്വതി ജ്വാല, സോണിയ മല്‍ഹാര്‍ എന്നീ അഞ്ച് വനിതാ രത്‌നങ്ങള്‍ക്കും പ്രേക്ഷകര്‍ മികച്ച പിന്തുണ നല്‍കി മുന്‍നിരയിലെത്തിച്ചു.

മാര്‍ച്ച് എട്ടാം തിയതി വനിതാ ദിനത്തില്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സ്വപ്നയ്ക്കു സമ്മാനിയ്ക്കും. അതോടൊപ്പം പ്രേക്ഷകര്‍ വോട്ടുചെയ്ത മറ്റു അഞ്ച് പേരെയും വേദിയില്‍ ആദരിക്കും. വോട്ടിങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വേള്‍ഡ് മലയാളി ഫെഡറേഷന്‍ നന്ദി അറിയിച്ചു.