തീവ്രവാദ സംഘടനായായ താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി പദവി നല്‍കാനുള്ള കരാറുമായി അഫ്ഗാന്‍ സര്‍ക്കാര്‍

കാബൂള്‍: സര്‍ക്കാറിനെതിരെ 16 വര്‍ഷമായി യുദ്ധം തുടരുന്ന താലിബാനുമായി സമാധാനചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി. താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് ഘനി പറഞ്ഞു.

കാബൂളില്‍ ഭീകരവിരുദ്ധ നടപടികളുടെ പുരോഗതി വിലയിരുത്താനായി കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്പാര്‍ട്ടിപദവി നല്‍കുമ്പോള്‍ താലിബാന്‍, അഫ്ഗാനിസ്താന്‍ ഭരണഘടനയെയും സര്‍ക്കാറിനെയും അംഗീകരിക്കണം എന്നതാണ് വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥയില്‍ ഉടക്കിയാണ് നേരത്തെ നടത്തിയ സമാധാനചര്‍ച്ചകള്‍ തടസ്സപ്പെട്ടത്.

ഭീകരവിരുദ്ധതാവളങ്ങളില്‍ ഈയിടെ യു.എസ്.സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് താലിബാന് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. യു.എസുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി താലിബാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. അതേസമയം, ചര്‍ച്ചയില്‍ സര്‍ക്കാറിനെക്കൂടി പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.