മധു സ്ഥിരം കള്ളന്‍ എന്ന് മനോരമ ; പിന്നില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന പോലീസും രാഷ്ട്രീയക്കാരും
അട്ടപ്പാടി : ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു നാട്ടിലെ സ്ഥിരം കള്ളന്‍ ആയിരുന്നു എന്ന് മനോരമ ചാനല്‍. കുറച്ചു ദിവസമായി മധുവിന്റേതെന്ന പേരിലുള്ള ചില സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതാണ് തെളിവ് എന്ന പേരില്‍ മനോരമ പുറത്തുവിട്ടിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രദേശവാസികളുടേതെന്ന പേരില്‍ ചില ഓഡിയോ സന്ദേശങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മധുവിന്റെ ശല്യം നാട്ടില്‍ വളരെയധികം കൂടുതലായിരുന്നു എന്നും സ്ത്രീകളെ ശല്യം ചെയ്യുവാന്‍ വരെ മധു ശ്രമിച്ചിരുന്നു എന്നും ഒരാള്‍ പറയുന്നത് കേള്‍ക്കാം. കൂടാതെ വിഷയത്തില്‍ സര്‍ക്കാരും പ്രതി കൂട്ടില്‍ ആയ സ്ഥിതിയാണ് ഇപ്പോള്‍. എതിര്‍ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനമാണ് അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.അതുകൊണ്ട് തന്നെ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ സൈബര്‍ പോരാളികള്‍ പടച്ചിറക്കിയതാണ് വീഡിയോ എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതുപോലെ മധു കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനുപിന്നില്‍ ചില ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പാലക്കാട്ടെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വീഡിയോ പ്രധാനമായും പ്രചരിക്കുന്നതെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
എന്നാല്‍ വിശപ്പ് സഹിക്കാതെയാണ് മധു മോഷണം നടത്തിയതെന്ന വാദങ്ങളെ സാധൂകരിക്കുന്ന രംഗങ്ങളാണ് ഈ സിസിടിവി ദൃശ്യങ്ങളിലുമുള്ളത്. കടകള്‍ കുത്തി തുറന്ന് മോഷണം നടത്തുന്നയാള്‍ ഭക്ഷണസാധനങ്ങള്‍ മാത്രമാണ് മോഷ്ടിക്കുന്നത്. കടകള്‍ തുറന്നശേഷം ബേക്കറി സാധനങ്ങളും ഭക്ഷണസാധനങ്ങളുമാണ് ഇയാള്‍ കഴിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് മധുവാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2017 ഒക്ടോബര്‍ പത്തിന് സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.