മധുവിന്‍റെയും സഫീറിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു പിണറായി ; ആദിവാസികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍

ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെയും മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് പിണറായി സഫീറിന്റെ വീട്ടില്‍ എത്തിയത്. അഗളയില്‍ നിന്നും ചിണ്ടയ്ക്കലിലുള്ള ഊരിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ കുടുംബത്തെ കണ്ടത്. മകനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം കിട്ടരുതെന്ന് മധുവിന്റെ അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാല്‍ മധുവിന് നീതി ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. മണ്ണാര്‍ക്കാട് തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന സഫീറിനെ ഫെബ്രുവരി 25 ന് ഒരു സംഘം കടയില്‍ കയറി കുത്തികൊലപ്പെടുത്തിയത്. സഫീറിന്റെ അയല്‍വാസികളായിരുന്ന സി.പി.ഐ പ്രവര്‍ത്തകര്‍ സംഭവത്തില്‍ പൊലീസ് പിടിയിലായിരുന്നു. പ്രതികള്‍ സി.പി.ഐ പ്രവര്‍ത്തകരാണെങ്കിലും കൊലപാതകം രാഷ്ട്രീയമല്ലെന്ന് പൊലീസും സഫീറിന്റെ പിതാവും പറയുന്നത്.

അതേസമയം ആദിവാസിമേഖലകളില്‍ വിവിധവകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി ഐടിഡിപി പ്രൊജക്ട് ഓഫീസറെ നിയമിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. അട്ടപ്പാടിയിലെ പദ്ധതികളെ കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ മറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

ആദിവാസികള്‍ക്ക് കൂട്ടമായി താമസിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാകും ഇനി ഭൂമി വിതരണം. കൃഷി സ്ഥലം വ്യത്യസ്തമായി നല്‍കും. ഭൂമി വിതരണം മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ ധാരണ.

കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി മുടങ്ങില്ലെന്ന് ഉറപ്പുവരുത്തും. ലിംഗ- പ്രായഭേദമില്ലാതെ എല്ലാ ആദിവാസികള്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം.

റേഷന്‍കടകളിലെ ധാന്യങ്ങള്‍ മെച്ചപ്പെട്ടതല്ലെന്ന പരാതി പരിഹരിക്കാന്‍ ഉടന്‍ നടപടി.

ആദിവാസികള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളായ റാഗി, ചോളം തുടങ്ങിയവ സപ്ലൈകോ വഴി വിതരണം ചെയ്യും. ഇതിനായി 10 കോടി രൂപ അനുവദിച്ചു.

റാഗി, ചോളം എന്നിവ കൃഷി ചെയ്യാന്‍ ആദിവാസികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.

തൊഴിലുറപ്പു പദ്ധതി വഴി എല്ലാ ആദിവാസികള്‍ക്കും 200 തൊഴില്‍ ദിനം ഉറപ്പാക്കും.

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ദിവസവേതനജോലികളില്‍ ആദിവാസികള്‍ക്ക് മുന്‍ഗണന.

എല്ലാ ഊരിലും കുടിവെള്ളം ഉറപ്പാക്കും.

മധുവിന്റെ അമ്മയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് അട്ടപ്പാടിയില്‍ മാനസികാരോഗ്യകേന്ദ്രം സ്ഥാപിക്കും. അലഞ്ഞ് നടക്കുന്നവര്‍ക്കുള്ള കൊയര്‍ഹോം ഉടന്‍.

ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തും.

ഓരോ ആദിവാസികള്‍ക്കും പ്രത്യേകശ്രദ്ധ ലഭിക്കുന്നതിന് പ്രമോട്ടര്‍മാരേയും ആശാവര്‍ക്കര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും സംയോജിപ്പിച്ച് പ്രത്യേകപദ്ധതി.

കിടപ്പുരോഗികളെ കണ്ടെത്താന്‍ ഡിസെബിലിറ്റി സര്‍വ്വെ.

മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം , ഡീഅഡിക്ഷന്‍ സെന്റര്‍.