കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ്; ബിജെപി പരാതി നല്‍കി

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. കുമ്മനത്തെ പരിഹസിച്ച് അപവാദവും അശ്ലീലവുമായ കാര്യങ്ങള്‍ ചിത്രീകരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി ലീഗല്‍ സെല്‍ പരാതി നല്‍കി. എറണാകുളം റൂറല്‍ എസ്പിക്ക് ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.ആര്‍. രാജഗോപാലാണു പരാതി നല്‍കിയത്.

അടിസ്ഥാനമില്ലാത്ത ഇത്തരം കുപ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആവര്‍ത്തിക്കുന്നത് നിയമപരമായ കുറ്റമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കെ.ആര്‍. രാജഗോപാല്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.