മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തില്‍ കപ്യാര്‍ ജോണി പോലീസ് പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ കുരുശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി കപ്യാര്‍ ജോണിപോലീസ് പിടിയില്‍.

കൊല നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ മാറി കുരിശുമുടിയിലെ ഒന്നാംസ്ഥലത്ത് വെച്ചാണ് ജോണിയെ പിടികൂടിയത്. അടിവാരത്തിനോടടുത്ത ഒന്നാംസ്ഥലത്തെ ഒരു ഫാമിന് സമീപത്താണ് ഇയാളെ കണ്ടെത്തിയത്.

വ്യാഴാഴ്ച കുരിശുമുടി പാതയിലെ ആറാംസ്ഥലത്ത് വെച്ചാണ് ഫാ. സേവ്യറിനെ ജോണി കുത്തിയത്. വയറിനു കുത്തേറ്റ വൈദികനെ മലയാറ്റൂരിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ മുമ്പ് ജോണിയെ ഫാദര്‍ കപ്യാര്‍ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ഫാ. സേവ്യറിനെ കുത്തിയ ശേഷം ജോണി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് ഇന്നലെ മലയാറ്റൂര്‍ മലയിലും പരിസരത്തും വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. പിടിയിലായ ജോണിയെ കാലടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.