മേഘാലയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്ഗ്രസ് രംഗത്ത്

മേഘാലയയില്‍ സര്‍ക്കാര്‍ രൂപത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് തങ്ങള്‍ക്കാണ് അവകാശമെന്നും അതിനാലാണ് ഗവര്‍ണറെ കണ്ടതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് വ്യക്തമാക്കി. സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണ തേടി മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കമല്‍നാഥ് നേരത്തെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കുള്ള പിന്തുണ സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

21 സീറ്റ് നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണം. മറ്റു കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മൂന്നു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ നേടാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയും കോപ്പുകൂട്ടുന്നുണ്ട്. ഈ രണ്ടു കക്ഷികള്‍ക്കും കൂടി 21 സീറ്റാണുള്ളത്. ആറ് സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റ് ലഭിച്ച എച്ച്എസ്പിഡിപിയുടെയും പിന്തുണ ഇവര്‍ക്ക് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണ നേടാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്.