ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം നഗ്നമായ നിലയില്‍ കുളിമുറിയിൽ ; മരണകാരണം വ്യക്തമാകാതെ പോലീസ്

ഹോളി ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ ഫ്‌ലാറ്റിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ മരണകാരണം വ്യക്തമാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. ഗാസിയാബാദ് ഇന്ദിരാപുരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നീരജ് സിംഗാനിയ(37), രുചി(35) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് വരെ ഹോളി ആഘോഷത്തില്‍ പങ്കെടുത്തിരുന്ന ദമ്പതികള്‍ അഞ്ചു മണിയോടെയാണ് ഫ്‌ലാറ്റിലേക്ക് മടങ്ങിയത്. നീരജിന്റെ മാതാപിതാക്കളും കുടുംബവും ദമ്പതികള്‍ക്കൊപ്പം ഇതേ ഫ്‌ലാറ്റില്‍ തന്നെയാണ് താമസിക്കുന്നത്. മുറിയില്‍ പ്രവേശിപ്പിച്ച ദമ്പതികള്‍ വാതില്‍ അകത്ത് നിന്നും പൂട്ടിയിട്ടിരുന്നു. കുറേസമയം പിന്നിട്ടിട്ടും ദമ്പതികള്‍ പുറത്തുവരാത്തതിനാല്‍ ഇരുവരും വിശ്രമിക്കുകയായിരിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്.

തുടര്‍ന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോള്‍ മുറിക്കുള്ളില്‍ നിന്നും പ്രതികരണമുണ്ടായില്ല. പലതവണ വിളിച്ചിട്ടും ദമ്പതികള്‍ വാതില്‍ തുറക്കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ചിലര്‍ ബാത്ത്‌റൂമിലെ വെന്റിലേറ്റര്‍ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് ഇരുവരെയും ചലനമറ്റ് തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കുളിമുറിയിലെ തറയില്‍ കിടക്കുന്നത് കണ്ടെത്തിയതോടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തുകടന്നു. തുടര്‍ന്ന് കുളിമുറിയുടെ വാതിലും ബലമായി പൊളിച്ചു അകത്തുകടന്നതോടെയാണ് ഇരുവരും മരിച്ചതായി ബോധ്യപ്പെട്ടത്. നഗ്‌നരായ നിലയില്‍ കുളിമുറിയില്‍ കണ്ടെത്തിയ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുറേസമയം മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുളിമുറിയിലെ തറയില്‍ നഗ്‌നരായി പരസ്പരം ചേര്‍ന്നുകിടക്കുന്ന നിലയിലാണ് ദമ്പതികളെ കണ്ടതെന്നാണ് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയത്.

വൈദ്യുതാഘാതമേറ്റാകാം മരണം സംഭവിച്ചതെന്ന വാദവും പോലീസ് ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. സംഭവദിവസം ഫ്‌ലാറ്റിനുള്ളില്‍ ഇത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശ്വാസം മുട്ടി മരിച്ചതാകാനുള്ള സാദ്ധ്യതയും പരിശോധിച്ചെങ്കിലും ഇതിലും വ്യക്തതയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇന്ദിരാപുരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നീരജ് സിംഗാനിയ നോയിഡയിലെ ഒരു അന്താരാഷ്ട്ര ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി മാനേജറായാണ് ജോലി ചെയ്തിരുന്നത്. നീരജിന്റെ ഭാര്യ രുചിയും നോയിഡയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു.