മധുവിനെ മര്‍ദിക്കുന്നത് നാട്ടുകാരുടെ പ്രധാന വിനോദം ; മരിക്കുന്നതിന്റെ മുന്‍ ദിവസങ്ങളിലും മാരകമായി അടിയേറ്റു
അട്ടപ്പാടിയില്‍ അടിയേറ്റു മരിച്ച മധുവിനെ തല്ലുന്നത് ആ നാട്ടിലുള്ള ചിലരുടെ പ്രധാന വിനോദമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മധുവിന് മരിക്കുന്നതിന്റെ മുന്‍ ദിവസങ്ങളിലും മാരകമായി അടിയേറ്റു എന്ന് പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദനമേറ്റാണ് മധു മരിച്ചതെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നു. മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയോളം മധു മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുണ്ടായതാണ്. കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. വടികൊണ്ടുള്ള അടിയേറ്റ് മധുവിന്റെ ഒരു വാരിയെല്ല് ഒടിഞ്ഞു. ഇത് മരിച്ച ദിവസം സംഭവിച്ചതാണ്.
തലയ്ക്കും ഗുരുതരപരിക്കുണ്ട്. തലച്ചോറ് തകര്‍ന്നുള്ള നീര്‍ക്കെട്ട് അടിയേറ്റ് തലയടിച്ച് വീണപ്പോഴോ ബലമായി തല ഉറച്ച സ്ഥലത്ത് ഇടിപ്പിച്ചപ്പോഴോ ഉണ്ടായതാണ്. തലയ്‌ക്കേറ്റ ഈ പരിക്കാണ് പ്രധാനമായും മരണത്തിന് കാരണമായത്. പോസ്റ്റുമോര്‍ട്ടം ഫലത്തിന്റെ ഒരു പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കും. നാട്ടില്‍ എവിടെയെങ്കിലും മധുവിനെ കണ്ടാല്‍ ചിലര്‍ കല്ല് എറിഞ്ഞു ഓടിക്കുമായിരുന്നു എന്ന് പറയുന്നു. മധുവിന് മാനസിക പ്രശ്നം ഉണ്ട് എന്ന് അറിയാവുന്നവര്‍ ആയിരുന്നു എല്ലാ നാട്ടുകാരും. ഇവരുടെ മര്‍ദനം ഭയന്നാണ് മധു പകല്‍ സമയത്ത് പുറത്തിറങ്ങാതിരുന്നത്. കാട്ടിനുള്ളില്‍ ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ കഴിച്ചായിരുന്നു വിശപ്പ് അകറ്റിയിരുന്നത്. കാട്ടിനുള്ളില്‍ ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആണ് നാട്ടില്‍ ഇറങ്ങിയിരുന്നത്. പലപ്പോഴും ഒന്നും ചെയ്യാതെ തന്നെ മധുവിനെ നാട്ടുകാര്‍ മര്‍ദിക്കുമായിരുന്നു. വീട്ടുകാരും മധുവിനെ ശ്രദ്ധിക്കാറില്ലായിരുന്നു എന്നാണു നാട്ടുകാര്‍ പറയുന്നത്.