ടെക്സ്റ്റിംഗ് നിര്‍ത്താന്‍ ആവശ്യപ്പെട്ട പിതാവിനെ മകന്‍ അടിച്ച് ബോധരഹിതനാക്കി

പി.പി. ചെറിയാന്‍

മാസ്സച്യുസെറ്റ്സ്: റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തുടര്‍ച്ചയായി ടെക്സ്റ്റിംഗ് നടത്തിയിരുന്ന മകനോട് ടെക്സ്റ്റിങ് നിര്‍ത്താന്‍ ആവശ്യപ്പെട്ട പിതാവിനെ മകന്‍ അടിച്ചു ബോധരഹിതനാക്കി താഴെയിട്ടു.

കേപ്കോഡ് റസ്റ്റോറന്റിലാണ് ഇരുവരും ഭക്ഷണം കഴിക്കാന്‍ കയറിയത്. പിതാവിന്റെ ഉപദേശം ഇഷ്ടപ്പെടാതിരുന്ന മകന്‍ പുറത്തിറങ്ങിയ ഉടനെ മുഷ്ടിചുരുട്ടി പിതാവിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തലയിടിച്ചാണു പിതാവ് നിലത്തു വീണത്.

വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ പിതാവിനെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ഉടനെ ആശുപത്രിയില്‍ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ മരണത്തില്‍ നിന്നും 63 വയസ്സുകാരന്‍ രക്ഷപ്പെട്ടു.സംഭവത്തില്‍ കൗമാര പ്രായക്കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടു ത്തു. വൈകിട്ട് മാതാവിനോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു.

40 ഡോളറിന്റെ ജാമ്യമാണ് അനുവദിച്ചത്. 60 വയസ്സിനു മുകളിലുള്ളവരെ പരുക്കേല്‍പ്പിച്ചാല്‍ ചുമത്താവുന്ന വകുപ്പുകള്‍ അനുസരിച്ച് മകന്റെ പേരില്‍ കേസ്സെടുത്തതായി യര്‍മൗത്ത് പൊലീസ് വക്താവ് അറിയിച്ചു.ഫെബ്രുവരി 27 നാണ് സംഭവം പൊലീസ് പുറത്തു വിട്ടത്. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി.