കൊച്ചിയിലേക്ക് ഒഴുകിയെത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരെ കാത്തിരിക്കുന്നത് ഒരു മഹാ ദുരന്തം; അതിന് ഇനി അധിക നാളില്ല

കൊച്ചി: കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിയുണ്ടെങ്കില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അന്ന് മഞ്ഞക്കടലാരവത്തില്‍ മുങ്ങിയിരിക്കും. കൊച്ചി നഗരവും അന്ന് പതിവിലേറെക്കാള്‍ തിരക്കിലാകും. ഫുട്‌ബോളിനെ നെഞ്ചിലേറ്റി നടക്കുന്ന മലയാളികള്‍ കൂട്ടത്തോടെ ബ്ലാസ്റ്റേഴ്‌സിനായി ആര്‍ത്തു വിളിക്കാന്‍ കൊച്ചിയിലേക്കൊഴുകിയെത്തും എന്നത് തന്നെയാണ് കാരണം.

പക്ഷെ ഈ ആരാധകര്‍ കൂട്ടത്തോടെയെത്തുമ്പോഴും തങ്ങളെ കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തമാണെന്ന് ആരാധകരിലെത്രപേര്‍ക്കറിയാം.കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോയാണ് ഇത് തുറന്നു കാട്ടുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ കാലപ്പഴക്കം എത്രമാത്രം തളര്‍ത്തിയിട്ടുണ്ടെന്ന് ഈ വീഡിയോ നിങ്ങള്‍ക്ക് കാണിച്ച് തരും. സ്റ്റേജിയത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഹ്ലാദാരവം പ്രകടിപ്പിക്കാനായി എഴുന്നേറ്റുനില്‍ക്കുമ്പോഴും ചാടുമ്പോഴുമെല്ലാം ഇപ്പോള്‍ ഇടിഞ്ഞുവീഴുമെന്ന മട്ടില്‍ വിറയ്ക്കുകയാണ് കൊച്ചി സ്റ്റേഡിയം.

സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഇത് നവമാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുമുണ്ട്. സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിന്റെ മുകളിലെ വിള്ളലും അവിടം തെന്നിമാറുന്നതുമാണ് വീഡിയോയിലുള്ളത്. ഇന്നല്ലെങ്കില്‍ നാളെ കാണികളുടെ തലയിലേക്കാകും ഇത് ഇടിഞ്ഞുവീഴുന്നത്. അധികൃതര്‍ ഈ അപകടാവസ്ഥ മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നാം കേള്‍ക്കുന്നത് ഒരു ദുരന്ത വാര്‍ത്തയാകും.