‘കൊടി എവിടെയെങ്കിലും കൊണ്ടുപോയി കുത്താനുള്ളതല്ല’ ; സുഗതന്റെ മരണത്തില്‍ എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസി മലയാളി സുഗതന്റെ മരണത്തില്‍ സിപിഐ യുവജനസംഘടനയായ എ.ഐ.വൈ എഫിനെതിരെ കര്‍ശന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ ആത്മഹത്യയെ മുന്‍നിര്‍ത്തി പ്രവാസി സമൂഹത്തിനു ഉണ്ടാകുന്ന ദുരിതതങ്ങളെ കുറിച്ച് അടൂര്‍ പ്രകാശ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട സ്വത്താണ് കൊടി. അതു എവിടെയെങ്കിലും കൊണ്ടു പോയി കുത്താനുള്ളതല്ല. ഏതു പാര്‍ട്ടി ആണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണം. അതേ പോലെ നോക്കു കൂലിയും നല്ല രീതിയല്ല. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ തൊഴിലാളി സംഘടനകളുടെ യോഗം ഉടന്‍ ചേരും. ഒരു തൊഴിലാളി സംഘടനയും ഇതു അംഗീകരിക്കുന്നില്ലെങ്കിലും ഇതു നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. നിയമാനുസൃതമായ എല്ല നടപടികള്‍ക്കും സര്‍ക്കാര്‍ പിന്തുണ ഉണ്ടാകും. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സുഗതന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചു അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം വേണമെന്നും 25 ലക്ഷം അടിയന്തിര സഹായമായി നല്‍കണമെന്നും അടിയന്തര പ്രമേയത്തില്‍ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.