വര്‍ണ്ണ വിസ്മയങ്ങളുടെ പ്രപഞ്ചം തീര്‍ത്ത് സൗദിയില്‍ നിന്നും ഷിനു നവീന്‍

റിയാദ്: കലയെ ജീവിതരീതിയാക്കി റിയാദില്‍ നിന്നും ഒരു മലയാളി വനിത. ഷിനു നവീന്‍ എന്ന കുടുംബിനിയായ കലാകാരി ഒരുക്കുന്നത് വര്‍ണ്ണങ്ങളുടെ മായിക ലോകമാണ്. സൗദിയില്‍ ഫ്രണ്ട്സ് ക്രീയേഷന്‍സ് 15-മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ‘നെസ്റ്റോ കേരളാഫെസ്റ്റ് 2018-ല്‍ ഭാഗമായത് ഷിനുവിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

സൗദി അറേബ്യയുടെ പൈതൃകോത്സവമായ 32-മത് ജനദ്ദീരിയ ഫെസ്റ്റിവെലിന്റെ ഭാഗമായി സൗദി ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഷിനു ജനദ്ദീരിയയില്‍ പ്രദര്‍ശിപ്പിച്ചു. ഈ കൂട്ടത്തില്‍ ‘വിഷന്‍ 2030’ എന്ന പ്രദര്‍ശനം മികച്ച പ്രതികരണമുണ്ടാക്കി. ഫെസ്റ്റിവലില്‍ അതിഥിയായി എത്തിയ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജിന്റെ ഛായാചിത്രം മന്ത്രിയ്ക്ക് നേരിട്ട് സമ്മാനിച്ചും ഷിനു പ്രശംസ നേടിയിരുന്നു.

പ്രമുഖ സംവിധായകനായ ബ്ലെസ്സിക്കും അദ്ദേഹത്തിന്റെ ഛായചിത്രം നേരിട്ട് സമ്മാനിയ്ക്കാന്‍ ഷിനുവിന് അവസരം ലഭിച്ചു. പത്താം ക്ലാസ്സില്‍ വച്ച് അപ്രതീക്ഷിതമായി സോക്രട്ടീസിന്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ട അധ്യാപകന്റെ കണ്ടെത്തലാണ് ഷിനു എന്ന ചിത്രകാരി എന്ന് അവര്‍ പറയുന്നു. അതുവരെ ചിത്രകലയുടെ ബാലപാഠം പോലും അറിയാതിരുന്നിട്ടും പിന്നീട് തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും അപ്ലൈയ്ഡ് ആര്‍ട്ടില്‍ ബിരുദമെടുത്താണ് തന്റെ വാസന ഷിനു വളര്‍ത്തിയത്.

ഗ്രാഫിക് ഡിസൈനിങ്ങിലും, അഡ്വെര്‍ടൈസിങ് മേഖലയിലും, ഫോട്ടോഗ്രാഫി, പേപ്പര്‍ ആര്‍ട്ട് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ള അവര്‍ തുടര്‍ന്നും ഈ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാനാണ് ഉദ്ദേശിക്കുന്നത്. ആക്രിലിക്കാണ് പ്രധാനമായും ചിത്രരചനയെങ്കിലും, വാട്ടര്‍കളറിലും, ഓയിലുമെല്ലാം ഈ ചിത്രകാരിക്ക് നന്നായി പ്രതിഫലിപ്പിക്കാന്‍ കഴിയും. ഇതിനോടകം ഒട്ടനവധി മികച്ച ചിത്രങ്ങള്‍ ഷിനു വരച്ചിട്ടുണ്ട്.

അല്‍യമാമ പ്രിന്റിങ്‌പ്രെസ്സ് ജീവനക്കാരനായ കണ്ണൂര്‍ മുണ്ടേരി സ്വദേശി നവീന്റെ പത്‌നിയായ ഷിനു കണ്ണൂര്‍ മേലെചൊവ്വാ സ്വദേശിനിയാണ്. മകള്‍ നാലുവയസ്സുകാരി ടന്‍സാ. ഷിനുവും കുടുംബവും സൗദിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകരാണ്.