സുന്‍ജുവാന്‍ സൈനികക്യാമ്പ് ആക്രമണം ; മുഖ്യ സൂത്രധാരകനെ സൈന്യം വധിച്ചു

സുന്‍ജുവാനിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരകനെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ട ഭീകരന്‍. ഏറ്റുമുട്ടലിലൂടെയാണ് സൈന്യം ഇയാളെ വധിച്ചത്. തെക്കന്‍ കശ്മീരിലെ ഹത്തിവാര ലെതാപോറയില്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് മുഫ്തി വഖാസിനെ വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 10നാണ് സുന്‍ജുവാന്‍ സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ സംഘം ആറു സൈനികര്‍ അടക്കം ഏഴു പേരെ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ 3 ഭീകരരെയും സൈന്യം വധിച്ചിരുന്നു. സൈനിക ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ വധിക്കാനായത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് സൈന്യം പ്രതികരിച്ചു.