അധികാരത്തിലെത്തിയതിനു പിന്നാലെ ത്രിപുരയില്‍, സിപിഎം സ്ഥാപനങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി ; ലെനിന്‍ പ്രതിമ തകര്‍ത്തു

അഗര്‍ത്തല: 25 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്. ‘ഭാരത് മാതാ കി ജയ്’ എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്ബോള്‍ കളിച്ചതായും സിപിഎം നേതാവ് തപസ് ദത്തയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ‘കമ്യൂണിസം ഫോബിയ’ ആണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതിനു പുറമെ സിപിഎമ്മിന്റെ പ്രവര്‍ത്തകരും അനുഭാവികളും വലിയതോതില്‍ ശാരീരിക ആക്രമണത്തിന് വിധേയരാവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ ആരോപിച്ചു. നിരവധി ഓഫീസുകള്‍ പിടിച്ചെടുക്കുകയും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ പലതും തുറക്കാന്‍ അനുവദിക്കുന്നില്ല. നിരവധി നേതാക്കള്‍ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇത്രയുംകാലം ഇടതുപക്ഷത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ ജനങ്ങളുടെ പ്രതികരണമാണ് പ്രതിമ തകര്‍ക്കുന്നതിലൂടെ കണ്ടതെന്ന് ബിജെപി പ്രതികരിച്ചു. എന്നാല്‍ പ്രതിമ തകര്‍ക്കാനുപയോഗിച്ച ബുള്‍ഡോസര്‍ പാര്‍ട്ടി വാടകയ്ക്കെടുത്തതാണെന്ന ആരോപണം അവര്‍ നിഷേധിച്ചു. ബുള്‍ഡോസര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.