എതിര്‍ത്തത് ഹാദിയ ലൈംഗിക അടിമ ആകാതിരിക്കാന്‍ എന്ന് അശോകന്‍

ഹാദിയ മതം മാറിയത് അല്ല താന്‍ എതിര്‍ത്തത് എന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയ്ക്ക് മുസ്ലിം ആയി ജീവിക്കാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അശോകന്റെ വിശദീകരണം ഉള്ളത്. നിരീശ്വരവാദിയായ തനിക്ക് ഹിന്ദുമതത്തിലോ ഇസ്ലാം മതത്തിലോ വിശ്വാസമില്ലെന്നും അശോകന്‍ കോടതിയെ അറിയിച്ചു. ഭാര്യ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതിനെയോ മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെയോ താന്‍ എതിര്‍ക്കുന്നില്ല. മകളെ ശാരീരികമായും മാനസികമായും തട്ടിക്കൊണ്ടുപോയി തീവ്രവാദി നിയന്ത്രിത മേഖലയില്‍ ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ ഒരിക്കലും മൂകസാക്ഷിയാകില്ല’. അടുത്ത സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യമനില്‍ എത്തുമായിരുന്നുവെന്നും അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയു.

സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ വിവാഹം ചെയ്യാന്‍ ഒരാളെ കണ്ടെത്തിയത് എങ്കില്‍ എതിര്‍ക്കില്ലായിരുന്നു. എന്നാല്‍ വരനെ തെരഞ്ഞെടുത്തത് തീവ്ര ചിന്താഗതിക്കാരായ ചിലരാണ്. അവരുടെ ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു അത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടറായ മാന്‍സി ബുറാഖിയും ഷെഫിന്‍ ജഹാനും നടത്തിയ ഫേസ്ബുക്ക് ചാറ്റ് പോലും ഹാദിയയ്ക്ക് മനസ്സിലായിട്ടില്ല. എന്നാലവ മകള്‍ നിഷേധിച്ചിട്ടുമില്ലെന്ന് അശോകന്‍ പറയുന്നു. തന്റെ ഭാര്യ മകളെ അത്രയേറെ സ്നേഹിച്ചിരുന്നു. അവള്‍ക്ക് ദോഷം വരുന്നതൊന്നും സഹിക്കാന്‍ പോലുമാകില്ല. അത്തരമൊരു അമ്മയാണ് വിഷം നല്‍കാന്‍ ശ്രമിച്ചു എന്ന ആരോപണം ഹാദിയ ഉന്നയിച്ചത്. ഹാദിയ എത്രത്തോളം മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയായിട്ടുണ്ട് എന്നതിന് തെളിവാണ് ഈ ആരോപണമെന്നും അശോകന്‍ വ്യക്തമാക്കുന്നു. നേരത്തെ ഹാദിയ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഹാദിയ അന്ന് ഉന്നയിച്ചത്.