ഇന്ത്യന്‍ പരീക്ഷണം പരാജയപ്പെട്ടു ; ആദ്യജയം ശ്രീലങ്കയക്ക്

കൊളംബോ : നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ പരീക്ഷണ ടീമിനു തോല്‍വിയോടെ തുടക്കം. പരമ്പരയുടെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ യുവനിരയെ തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട ശേഷം ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 174 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആദ്യ പത്തോവറില്‍ തന്നെ ഇന്ത്യയെ തല്ലിപ്പരുവമാക്കി ലങ്ക മല്‍സരം വരുതിയിലാക്കിയിരുന്നു. 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. കുശാല്‍ പെരേരയുടെ (66) തകര്‍പ്പന്‍ ഇന്നിങ്സാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്.

37 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്സറുമടക്കമാണ് കുശാല്‍ 66 റണ്‍സ് വാരിക്കൂട്ടിയത്. 10 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം പുറത്താവാതെ 22 റണ്‍സെടുത്ത തിസാര പെരേരയാണ് ലങ്കയുടെ മറ്റൊരു സ്‌കോറര്‍. ശര്‍ദ്ദുല്‍ താക്കൂറിന്റെ ഒരോവറില്‍ 27 റണ്‍സാണ് കുശാല്‍ വാരിക്കൂട്ടിയത്. വാഷിങ്ടണ്‍ സുന്ദറും യുസ്വേന്ദ്ര ചഹലും ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചു. 49 പന്തില്‍ ആറു വീതം ഫോറും സിക്സുമടക്കം 90 റണ്‍സടിച്ച ധവാനാണ് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നില്‍ നിന്ന് നയിച്ചത്.