ആശങ്ക വേണ്ട : ആദ്യ ടി-ട്വന്റിയില്‍ ഇന്ത്യ കളിക്കും

വര്‍ഗീയ കലാപത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ നിദാഹാസ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം മുടങ്ങില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. ഇന്ന് വൈകുന്നേരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരം മാറ്റി വയ്ക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

സംഘര്‍ഷം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ക്രിക്കറ്റ് ആരാധകരും ആശങ്കയിലായിരുന്നു. മത്സരം നടക്കുന്ന കൊളംബോയില്‍ കാര്യങ്ങളെല്ലാം സാധാരണ രീതിയിലാണെന്നും മത്സരം മാറ്റിവെക്കാന്‍ സാധ്യതയില്ലെന്നുമാണ് ബിസിസിഐയെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതുസംബന്ധിച്ച് ഔഗ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ബിസിസിഐ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പി പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 7.30നാണ് ഇന്ത്യയു ആതിഥേയരും തമ്മില്‍ ഏറ്റുമുട്ടുന്നത്.