വായ്പാ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് വിവരങ്ങളും നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: വന്‍ തുക വായ്പ എടുക്കുന്നതിനു ഇനി മുതല്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരില്‍നിന്ന് പാസ്പാര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍കൂടി ശേഖരിക്കണമെന്ന നിര്‍ദേശം ധനകാര്യമന്ത്രാലയം പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച് പൊതുമേഖല ബാങ്കുകള്‍ക്ക് ഉടന്‍തന്നെ നിര്‍ദേശം നല്‍കും.

പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ബില്ലില്‍ ഇക്കാര്യംകൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

ഇന്റലിജന്റ്സ് ഏജന്‍സികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാല്‍ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ വിവരം കൈമാറാന്‍ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും അക്കൗണ്ടില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നതരത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കുക.

തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ് വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും നാടുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.