വിമാനത്തിനുള്ളില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തി യുവാവ്; ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമം

ക്വാലലംപുര്‍: വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി യുവാവ്. ശനിയാഴ്ച മലേഷ്യയില്‍നിന്നു ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന മലിന്‍ഡോ എയര്‍ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന് കുറച്ചു സമയം കഴിഞ്ഞപ്പോള്‍ യുവാവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും, ലാപ്ടോപില്‍ പോണ്‍ സിനിമകള്‍ കാണുകയും ചെയ്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ജീവനക്കാരോട് പരാതി പറയുകയും,തുടര്‍ന്ന് ജോലിക്കാര്‍ ഇയാളോട് വസ്ത്രങ്ങള്‍ ധരിക്കാനും മാന്യമായി പെരുമാറാനും ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ വസ്ത്രങ്ങള്‍ ധരിച്ചെങ്കിലും വനിതാ ജീവനക്കാരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചതോടെ പ്രശ്നം വീണ്ടും ഉടലെടുത്തു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് ജീവനക്കാരില്‍ ഒരു വനിതയെ ആക്രിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവാവിനെ കീഴ്പ്പെടുത്തി കൈകള്‍ തുണികൊണ്ടു കെട്ടിവച്ചാണു വിമാനത്തിലിരുത്തിയത്. ധാക്കയില്‍ ഇറങ്ങിയ പാടെ ഇയാളെ അറസ്റ്റ് ചെയ്തു.

മലേഷ്യയില്‍ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ഇരുപതുകാരനായ യുവാവ്. അതേസമയം, ഇയാള്‍ ഇങ്ങനെ പെരുമാറാനുണ്ടായ കാരണമോ സാഹചര്യമോ എന്തെന്നു വ്യക്തമായിട്ടില്ല. വാര്‍ത്ത സ്ഥിരീകരിക്കാന്‍ വിമാനക്കമ്പനിയും തയാറായിട്ടില്ല. എന്നാല്‍ ‘പ്രശ്നക്കാരനായ ഒരു യാത്രക്കാരനെ’ ധാക്കയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത കാര്യം കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.