വര്‍ഗീയ സംഘര്‍ഷം രൂക്ഷം: ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: വര്‍ഗീയ സംഘര്‍ഷം അതിരൂക്ഷമായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്‌ലിം – ബുദ്ധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വര്‍ഗീയ സംഘര്‍ഷം തടയുന്നതിനും അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു
ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ സംഘര്‍ഷാവസ്ഥ രൂക്ഷമാണ്.
മുസ്‌ലിംകള്‍ രാജ്യവ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ചില തീവ്ര ബുദ്ധ സംഘടനകളുടെ ആരോപണം. ഇതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചത്. തങ്ങളുടെ ചരിത്രപ്രധാന സ്ഥലങ്ങള്‍ മുസ്ലിംകള്‍ നശിപ്പിക്കുകയാണെന്നും ബുദ്ധമതക്കാര്‍ ആരോപിക്കുന്നു. ബുദ്ധമതക്കാര്‍ ഏറെയുള്ള മ്യാന്‍മറില്‍നിന്ന് അഭയാര്‍ഥികളായി ഒട്ടേറെ രോഹിന്‍ക്യ മുസ്‌ലിംകള്‍ ശ്രീലങ്കയിലെത്തിയതിനെയും ചില ബുദ്ധ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്.
സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കാന്‍ഡിയില്‍ തിങ്കളാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടു. തുടര്‍ന്ന് മുസ്ലിംകളുടെ സ്ഥാപനങ്ങള്‍ ബുദ്ധമതക്കാര്‍ തീവച്ചു നശിപ്പിച്ചു.