മലപ്പുറത്ത് മറ്റൊരു മധുവോ? മലപ്പുറത്ത് ആദിവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കലക്ടര്‍ക്ക് പരാതി
മലപ്പുറം: കക്കാടംപൊയിലില്‍ മരിച്ച ആദിവാസിയുവാവിന്റെ മരണത്തില്‍ ദുരൂഹത. കക്കാടംപൊയില്‍ കരിമ്പ ആദിവാസി കോളനിയില്‍ സുരേഷ് എന്ന 25വയസ്സുകാരനാണ് മരിച്ചത്. സുരേഷിന്റെ മരണം മര്‍ദ്ദനമേറ്റതിനാലാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സുരേഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ സാബു അറക്കലും ആദിവാസികളും ഇന്നലെ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്ക് പരാതി നല്‍കി.
ഇന്നലെ വൈകിട്ട് മൃതദേഹം എത്തുമ്‌ബോഴാണ് കോളനിയിലുള്ളവര്‍ വിവരമറിയുന്നത്. കൂലിപ്പണിക്കാരായ രാമന്‍കുട്ടി-ചിന്നു എന്നിവരുടെ മകനാണ് മരിച്ച സുരേഷ് . തലേദിവസം മരം കയറുന്ന ജോലിയ്ക്കിടെ മരത്തില്‍ നിന്ന് വീണാണ് മരിച്ചതെന്നാണ് ജോലി ചെയ്തിരുന്ന സ്ഥല ഉടമ പറഞ്ഞത്.
പൊലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പട്ടികജാതിവര്‍ഗ വകുപ്പ് അധികൃതരും വൈകിട്ടോടെ കോളനിയിലെത്തിയെങ്കിലും മരണത്തിലെ ദുരൂഹത മാറ്റാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ കോളനിക്കാര്‍ ഉറച്ചുനിന്നു. തിരുവമ്പാടി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പന്നി ഫാമില്‍ ജോലിക്കാരനായിരുന്നു. ഞായറാഴ്ച മരത്തില്‍നിന്നു വീണു എന്ന വിവരം മരണശേഷമാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്നത്. മൃതദേഹത്തില്‍നിന്നു ദുര്‍ഗന്ധം വന്നു തുടങ്ങിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹവുമായി എത്തിയ ഫാം ഉടമയെ കോളനിക്കാര്‍ തടഞ്ഞു.
നിലമ്പൂര്‍ സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട ചിലരെ കണ്ടെത്താന്‍ വേണ്ടി ഒരു സംഘമാളുകള്‍ സുരേഷിനെ മര്‍ദിച്ചതാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മൃതദേഹത്തില്‍ മുഴുവന്‍ മുറിവുകളുണ്ടായിരുന്നു. ഇതിനാലാണ് ദുരൂഹതയുള്ളതായി ആദിവാസികളും നാട്ടുകാരും ആരോപിക്കുന്നത്.