ത്രിപുരയില്‍ അക്രമങ്ങള്‍ വ്യാപിക്കുന്നു ; വീണ്ടും ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടു

ത്രിപുരയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടങ്ങിയ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയും ബിജെപി നേതാക്കളും സിപിഎമ്മിനെതിരേ രംഗത്തുവന്നു. ഇതുവരെ 2000ത്തിലധികം അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറിയത് ആരോപണമുണ്ട്. സിപിഎം ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറി. സിപിഎം പ്രവര്‍ത്തകരും നിരവധി പ്രാദേശിക നേതാക്കളും ഒളിവില്‍ പോയി. പലരും കാടുകളില്‍ പോയി ഒളിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പടിഞ്ഞാറന്‍ ത്രിപുരയിലെ 13 പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷവും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടുന്നുണ്ട്. അതിനിടെ ത്രിപുരയില്‍ വീണ്ടും ലെനിന്‍ പ്രതിമ തകര്‍ത്തു. ഇടതുപക്ഷത്തില്‍ നിന്ന് ബിജെപി അധികാരം പിടിച്ചെടുത്തതിന് ശേഷം രണ്ടു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സബ്റൂം മോട്ടോര്‍ സ്റ്റാന്‍ഡിലുള്ള ലെനിന്റെ പ്രതിമയാണ് ഇന്ന് തകര്‍ത്തത്. പ്രതിമ തകര്‍ക്കല്‍ സംഭവം വര്‍ഗ്ഗീയ ലഹളയല്ലെന്നും നശീകരണ പ്രവര്‍ത്തനമാണെന്നും ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി പറഞ്ഞു. സംഭവം ജില്ലാ ഭരണകൂടം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം വ്യാപകമായ പശ്ചാത്തലത്തല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിഷയത്തില്‍ ഇടപെട്ടു. ത്രിപുര ഗവര്‍ണറുമായും ഡിജിപിയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാകും വരെ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രാജ്നാഥ്സിങ് നിര്‍ദേശം നല്‍കി. അതേസമയം അക്രമങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന് ഗവര്‍ണര്‍ തഥാഗത റോയിയോയും ഡിജിപി എകെ ശുക്ലയോടും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം അക്രമങ്ങള്‍ നടക്കുന്നുവെന്നാണ് വിവരം.