കോടതി വിധി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടി എന്ന് എ കെ ആന്റണി
യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി കൈകൊണ്ട നിലപാട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടിയാണ് എന്ന് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി. കണ്ണൂരില്‍ ഉണ്ടാകുന്ന കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. കൊലപാതകം നടന്നതിന്റെ രണ്ടാം ദിവസം മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കണ്ണൂരിലെത്തിയ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത് ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആരെയും സംരക്ഷിക്കാനില്ലെന്നുമാണ്.
ഇതിന് പുറമെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ വരെ സര്‍ക്കാര്‍ ഒരുക്കമാണെന്നും അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള വിധി എന്നതിലുപരി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണെന്നും ഇത് സര്‍ക്കാരിന് വലിയ നാണക്കേട് വരുത്തിവെച്ചിട്ടുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.