സ്വിറ്റ്സര്‍ലാന്‍ഡില്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണം മാര്‍ച്ച് 10ന്

ജേക്കബ് മാളിയേക്കല്‍

സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം സൂറിച്ചില്‍ മാര്‍ച്ച് 10ന് നടത്തുന്ന ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ ടോം കുളങ്ങര അറിയിച്ചു. സൂറിച്ച് ഹോര്‍ഗനിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയ ഹാളിലാണ് പ്രഭാഷണം നടക്കുക. (St.Joseph church hall, Burghalden str.7, 8810 Horgen/ZH) ഹോര്‍ഗന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരപരിധിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

മാര്‍ച്ച് പത്തിന് ശനിയാഴ്ച കൃത്യം 5 മണിക്ക് പരിപാടി തുടങ്ങും. പ്രഭാഷണം ഇടവേള സംവാദം അത്താഴം എന്നിങ്ങനെയാണ് പരിപാടി നടക്കുക. നൂറിലധികം പേര്‍ക്ക് ഇരിപ്പിടം ഒരുക്കും. സൂറിച്ചിലെ അറിയപ്പെടുന്ന കേരളാ റെസ്റ്റോറണ്ട് ആണ് ഭക്ഷണം ഒരുക്കുന്നത്. പ്രവേശനം തീര്‍ത്തും സൗജന്യമായാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

നൂറോളം പേര് ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്ത് സഹകരിച്ചതിന് കണ്‍വീനര്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സുഗമമായ ഒരുക്കങ്ങള്‍ക്ക് ഇത് വളരെയധികം സഹായിച്ചുവെന്ന് കേരളാ റസ്റ്റോറണ്ട് ഉടമയും ചങ്ങാതിക്കൂട്ടം അംഗവുമായ സുരാജ് കോച്ചേരിലും അറിയിച്ചു.

ഈ സംവാദ സദസ്സിന് അനുബന്ധമായി ഒരുക്കിയ വെബ് സൈറ്റിന്റെ പ്രകാശനം നടന്നിരുന്നു. ചങ്ങാതിക്കൂട്ടാംഗമായ ഫൈസല്‍ കാച്ചപിള്ളി ആണ് വെബ് സൈറ്റ് ഡിസൈന്‍ ചെയ്തത്. www.changathi.ch എന്നാണ് വെബ് സൈറ്റിന്റെ നാമം. ടോം കുളങ്ങര ജേക്കബ് മാളിയേക്കല്‍ എന്നിവരാണ് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍.

മലയാള ഭാഷയിലുള്ള സംവാദങ്ങളും ചര്‍ച്ചകളും ആയി വെടിവട്ട സദസ്സുകള്‍ ഒരുക്കുന്ന കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടി ആണ് ഇളയിടം മാഷിന്റെ പ്രഭാഷണം. മലയാളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനായ ഡോ.സുനില്‍ പി ഇളയിടത്തിന്റെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനവും ആണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.changathi.ch എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.