മുഹമ്മദ്‌ ഷമിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ; പരസ്ത്രീ ബന്ധവും പീഡനവും എന്ന് വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ തെളിവെന്നോളം ഹസിന്‍ ജഹാന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ ഫോട്ടോകളും പുറത്തുവന്നു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ ശക്തനാണ് മുഹമ്മദ് ഷമി. ഇദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടെന്നാണ് ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം. തനിക്ക് കടുത്ത പീഡനം ഏല്‍ക്കാറുണ്ടെന്നും ഹസിന്‍ പറയുന്നു. ഷമി ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ പീഡനം നേരിടുകയാണ്. തെളിവിനായി ഷമി നിരവധി സ്ത്രീകളുമായി രഹസ്യമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ പുറത്തുവിട്ടു.

ഷമിയുടെ കാറില്‍ ഗര്‍ഭനിരോധന ഉറകള്‍ താന്‍ കണ്ടെത്തിയെന്നു ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. വളരെ മോശം പെരുമാറ്റമാണ് ഷമിക്കെന്നും അവര്‍ പറയുന്നു. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ജഹാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഷമി മാത്രമല്ല ഷമിയുടെ സഹോദരനും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മാതാവും പീഡിപ്പിക്കാറുണ്ട്. തന്നെ കൊല്ലാനും ഒരുതവണ ശ്രമിച്ചെന്നും ഹസിന്‍ ജഹാന്‍ പറയുന്നു. പലപ്പോഴും പീഡനം അര്‍ധരാത്രി വരെ നീണ്ടു. പുലര്‍ച്ച രണ്ടുമണി വരെ ചില സമയം തനിക്ക് അവരെ സഹിക്കേണ്ടി വന്നിട്ടുണ്ട്. മുഹമ്മദ് ഷമിക്കെതിരേ നിയമപരമായ നടിപടി സ്വീകരിക്കുവാനാണ് ഹസിന്‍ ജഹാന്റെ തീരുമാനം. അതേസമയം മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ പ്രതികരണവുമായി ഷമി രംഗത്തെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും തന്നെയും കുടുംബത്തെയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. അതില്‍ കാര്യമൊന്നുമില്ലെന്നും ഷമി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.