ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയ്ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ; 100 കോടി വിലയുള്ള സഭയുടെ സ്ഥലം എട്ട്‌ കോടിക്ക് വില്‍ക്കാന്‍ ശ്രമിച്ചു

ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയ്ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. 27 കോടിയുടെ ഭൂമിയിടപാടിന്റെ പേരില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയ്ക്കെതിരേ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് എറണാകുളത്ത് സഭയുടെ ഉടമസ്ഥതയിലുള്ള നൂറു കോടിയോളം വില മതിക്കുന്ന സ്ഥലങ്ങള്‍ എട്ടു കോടിക്ക് കൈമാറാന്‍ ശ്രമിച്ചതായുള്ള രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. കുണ്ടന്നൂര്‍ ദേശീയപാതയിലുള്ള 155 സെന്റ് സ്ഥലവും തേവരയിലെ 50 സെന്റ് സ്ഥലവും അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ വശത്തുള്ള മറ്റൊരു 40 സെന്റ് സ്ഥലവും വില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് സഭാവൃത്തങ്ങള്‍ പറയുന്നു. ഇതിനായി തയാറാക്കിയിട്ടുള്ള രേഖകളില്‍ ചിലതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോതമംഗലം സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ക്കാണ് കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ വില്‍ക്കാനായി രേഖകള്‍ തയാറാക്കിയിട്ടുള്ളത്.

അന്വേഷണത്തിന് ഇടപാട് പോലെതന്നെ ഇയാളില്‍നിന്നു പണം സ്വീകരിക്കാതെ പകരം ഭൂമി വാങ്ങാനായിരുന്നു നീക്കമെന്ന് സഭയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇയാളില്‍നിന്നു 70 70 ഏക്കര്‍ ഭൂമി പകരം വാങ്ങാനായിരുന്നു നീക്കം. 2017 ജനുവരി ഫെബ്രുവരി മാസങ്ങളിലായാണ് ഇടപാടിനായുള്ള രേഖകള്‍ നിര്‍മിച്ചിരിക്കുന്നത്. കൈമാറ്റത്തിനുള്ള എല്ലാ രേഖകളും പൂര്‍ത്തിയാക്കിയിരുന്നതായും ചില സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് നടക്കാതെ പോയതാണെന്നും സഭാവൃത്തങ്ങള്‍ പറയുന്നു. പിന്നീട്, മറ്റു ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ പുറത്തുവന്നതോടെ ഈ ഇടപാട് നടത്തിയില്ല. ഈ ഭൂമി കൈമാറ്റം നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന ഭൂമിയിടപാടുകളേക്കാള്‍ വലിയ നഷ്ടം സഭയ്ക്കുണ്ടാകുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.