യുഗസഞ്ചാരിണി

ആന്റണി പുത്തന്‍പുരയ്ക്കല്‍

നിനക്കായി ഒരു ദിനം മാത്രം
അടിമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും
അപമാനത്തിന്റെയും അപകര്‍ഷങ്ങളുടെയും
വേദന പേറിയ നിനക്കായി ഒരു ദിനം മാത്രം

നീതിബോധം വറ്റിയ പുരുഷ സന്തതികളുടെ
മേല്‍ക്കോയ്മ ചിന്തകളുടെ മാറാപ്പു പുതപ്പിക്കാന്‍
ഒരു മഞ്ഞപ്പട്ടു നല്കി ആദരിക്കാന്‍
വര്‍ഷാനുവര്‍ഷം നിനക്കായി ഒരു ദിനം മാത്രം

അസ്തിത്വത്തിന്റെ സാരാംശം അറിയാത്ത
പ്രത്യക്ഷഭാവങ്ങളുടെ ഉന്മാദം പേറുന്ന
മുന്‍വിധികളും വിശ്വാസങ്ങളും
ഇല്ലെന്നു നടിക്കാന്‍ നിനക്കായി ഒരു ദിനം മാത്രം

നിനക്ക് ഒരു ദിനമല്ല
ഒരു യുഗമാണ് ആവശ്യം
സമസ്ത പ്രത്യക്ഷീകരണങ്ങളുടെയും
ഉത്ഭവും മാതാവും നീയാണ്
നീ യുഗസഞ്ചാരിണിയാണ്.