മുഖ്യമന്ത്രിയുടെ താക്കിത് ഫലം ചെയ്തു: കൊടികുത്തല്‍ സമരം സി.പി.ഐ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം:പ്രവാസി മലയാളിയുടെ വര്‍ക്ക്ഷോപ് നിര്‍മാണം തടഞ്ഞുകൊണ്ട് സിപിഐ യുവജന സംഘാടനം നടത്തിയ കൊടികുത്തല്‍ സമരം വിവാദമായതിനെ പശ്ചാത്തലത്തില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് നേതൃത്വം അത്തരം സമരങ്ങളില്‍ നിന്ന് പിന്നാക്കം പോവുന്നു. കൊടികുത്തിയതിനെ തുടര്‍ന്ന് പുനലൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തതോടെയാണ് ഇത്തരം സമരങ്ങളില്‍ നിന്ന് പിന്നോട്ട് പോവാന്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി കാലടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി കഴിഞ്ഞ ദിവസം എടുത്തുമാറ്റി. ഇത്തരം സമരങ്ങളില്‍ നിന്ന് പിന്നോട്ട് പോവാന്‍ കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. എന്നാല്‍ കാലടിയില്‍ പാര്‍ട്ടി കൊടിനാട്ടിയത് ഭൂമി കൊള്ളയ്ക്കെതിരെ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ പറഞ്ഞു. സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജില്ലാ നേതൃത്വം ഉന്നയിക്കുന്നത്. ഭൂമി തട്ടിപ്പുകാര്‍ക്കെതിരെ റവന്യൂവകുപ്പ് തന്നെ കൂട്ട് നില്‍ക്കുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.