ഹാദിയ കേസ്: ഹാദിയ-ഷെഫിന്‍ വിവാഹം നിയമപരം;ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
വിവാദമായ ഹാദിയക്കേസില്‍ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള കേരളം ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയ-ഷെഫിന്‍ വിവാഹത്തിന് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി. വിവാഹം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കുന്നതല്ല എന്ന് കോടതി പറഞ്ഞു.
വിവാഹം നിയമപരമായതിനാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും, ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി അറിയിച്ചു.അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് മുന്നോട്ടു പോകാമെന്നും, അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു
താനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷഫീന്‍ ജഹാന്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 27-ന് ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് ഇടക്കാല ഉത്തരവിലൂടെ ഹാദിയയെ സേലത്തെ കോളേജില്‍ ഹോമിയോപ്പതി പഠനം തുടരാനയക്കുകയും ചെയ്തു.
കഴിഞ്ഞ മേയ് 24-നാണ് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടപടി. തുടര്‍ന്ന് ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.