ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു ; അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല പക്ഷെ ആഗ്രഹിച്ചിരുന്നു : ഇന്ദ്രന്‍സ്

അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല. എന്നാല്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇതുതന്നെയാണ് ഇഷ്ടവും ഉപജീവനവും, അതുകൊണ്ടുതന്നെ വരുന്ന പടങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത് എന്ന് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഇന്ദ്രന്‍സ്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാറില്ല, ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. നമുക്കിണങ്ങുന്ന വേഷം എന്നു തോന്നുന്നതിനോട് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിക്കാന്‍ താമസിച്ചുപോയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു എന്നായിരുന്നു ഇന്ദ്രസിന്റെ മറുപടി. അവാര്‍ഡ് കിട്ടാന്‍ താമസിച്ചു പോയി എന്ന തോന്നലൊന്നും എനിക്കില്ല. എല്ലാ കാലത്തും എനിക്ക് സിനിമയില്‍ കൂട്ടുകാരുണ്ട്. അവര്‍ എനിക്ക് വേഷങ്ങള്‍ തരാറുണ്ട്. അത് ഞാന്‍ ചെയ്യും.

ആളൊരുക്കം എല്ലാവരെയും സ്പര്‍ശിക്കുന്ന സിനിമയാണ്. അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനോടും ഞാന്‍ നന്ദി പറയുന്നു. അവരുടെ എല്ലാവരുടെയും പിന്തുണയുള്ളത് കൊണ്ട് എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചു എന്നും അദ്ധേഹം പറയുന്നു. ചിത്രത്തിനായി ഓട്ടന്‍ തുള്ളല്‍ കലാകാരന്‍മാര്‍ വന്ന് കുറിച്ച് ചുവടുകളൊക്കെ പറഞ്ഞു തന്നു. പക്ഷേ ഞാന്‍ അത് അത്ര ഭംഗിയായി ചെയ്തിട്ടില്ലാ എന്നാണ് തോന്നുന്നത്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇന്ദ്രന്‍സ് മലയാളത്തില്‍ 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.