മണല്‍ കടത്ത് ടിപ്പര്‍ ലോറി ഇടിച്ചു മരണം : പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു ജസ്റ്റിസ് കമാല്‍ പാഷ

മണല്‍ കടത്തുക ആയിരുന്ന ടിപ്പര്‍ ലോറി ഇടിച്ചു കാര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച പൊലീസിന് രൂക്ഷ വിമര്‍ശനം. മരിച്ച യുവാവിനെ പ്രീതിയാക്കി FIR രജിസ്റ്റര്‍ ചെയ്തതിനാണ് മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ ലെ എസ് ഐ ആയ മനേഷ് കെ പി യെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചത്. ഇത്തരത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നത് മൂലം ടിപ്പര്‍ ലോറിക്കാര്‍ രക്ഷപെടും എന്ന് കോടതി ആശങ്ക പ്രേകടിപ്പിച്ചു. ജസ്റ്റിസ് കമാല്‍ പാഷയാണ് ഈ കേസിന്റെ വാദം കേട്ടത്. ഒരു ടിപ്പര്‍ ലോറിയും കാറും കൂടി പിടിക്കുമ്പോള്‍, എന്ത് സംഭവിച്ചിട്ടുണ്ടാകാം എന്ന് മനസിലാക്കാന്‍ സാമാന്യ ബോധ്യം മതിയാകും. പരാതി നല്‍കിയ കൊല്ലപ്പെട്ട ആളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി എന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ട പോലീസുകാര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കും എന്ന് കോടതി. ഈ മാസം 15ന് എസ് ഐ വീണ്ടും ഹാജരാകണം എന്നും കേസില്‍ വിശദമായി വാദം കേള്‍ക്കും എന്നും കോടതി പറഞ്ഞു. ഡിസംബര്‍ 31 2017ന് മലപ്പുറം കാളച്ചാല്‍ഇല്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഹര്‍ജിക്കാരനായ ചെമ്മട്ടംവയലിലെ മാനുവല്‍ കാപ്പന്റെ മകനാണ് അപകടത്തില്‍ കൊല്ലപ്പെട്ട തോമസ്. കാനഡയില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയാരിന്ന തോമസ് മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്നാണ് നാട്ടില്‍ എത്തിയത്. മരണത്തില്‍ സംബന്ധിക്കാനെത്തിയ ചില ബന്ധുക്കളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവിട്ട ശേഷം സുഹൃത്തുക്കളോടൊപ്പം തന്റെ സ്വിഫ്റ്റ് കാറില്‍ മടങ്ങവേയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 5 മണിക്ക് ചങ്ങരംകുളത്തു നിന്ന് 3 കിലോമീറ്റര്‍ അകലെ ദേശീയപാതയിലുള്ള കാളിച്ചാലില്‍ വച്ച് എതിര്‍ ദിശയില്‍ മണലുമായി വന്ന ടിപ്പര്‍ ലോറി തോമസ് സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ തോമസ് വൈകുന്നേരത്തോടെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു.

എന്നാല്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നത് തോമസ് കാപ്പന്‍ അശ്രദ്ധയോടും ഉദാസീനതയോടും ഓടിച്ചു വന്ന കാര്‍ ലോറിയില്‍ ഇടിച്ചു, ഗുരുതര പരിക്കേറ്റ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ വച്ച് മരണപ്പെട്ടു എന്നാണ്. മരണപ്പെട്ട തോമസിന്റെ ബന്ധു സന്ദീപ് ജോസിന്റെ മൊഴി പ്രകാരമാണ് എഫ് ഐ ആറെന്നും കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ല എന്നാണ് സന്ദീപ് പറയുന്നത്. അപകടം നടന്ന സ്ഥലത്തു നിന്നും റോഡരികിലേക്ക് മണല്‍ലോറി മാറ്റിയിട്ടു ശേഷമാണ് പോലീസ് സ്ഥലപരിശോധന നടത്തിയതെന്നും, അപകടം നടന്ന സമയം ലോറി നിറയെ ഉണ്ടായിരുന്ന മണല്‍ ലോഡ് പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു എന്നും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എം. രവികൃഷ്ണന്‍ ഹാജാരായി.