മൂന്നുകോടിയുടെ ലംബോര്‍ഗിനിക്ക് പൃഥ്വി അടച്ചത് അരക്കോടി രൂപയുടെ നികുതി; സൂപ്പര്‍ സ്റ്റാറുകള്‍ കണ്ടോളു ഇതാണ് കട്ട ഹീറോയിസം
മൂന്നു കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി സമൂഹ മാധ്യമങ്ങളില്‍ താരമായ പൃഥ്വിരാജ് നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയിലൊന്നും പോയില്ല. കാര്‍ കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു. ആഢംബരക്കാറുകള്‍ക്ക് ആഢംബര നികുതിയാണ് കേരളത്തില്‍ ചുമത്തുന്നത്. അതുകൊണ്ടുതന്നെ ഏതാണ്ട് 50 ലക്ഷം രൂപയാണ് കാറിന്റെ നികുതിയായി പൃഥ്വി അടച്ചത്. ആരാധകരുടെ മുന്നില്‍ താരങ്ങളായി വിലസുന്ന ചില നടന്മാര്‍, നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വി മാതൃകയാകുന്നത്.
തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ വ്യാപകമായി വാഹനനികുതിവെട്ടിപ്പു നടത്തുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞയിടക്ക് പുറത്തുവന്നിരുന്നു. ഇതിനെതുടര്‍ന്ന് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. നടി അമലാപോളിനെതിരേയും കേസുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത താരത്തെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിച്ചത്.