എന്‍ഡിഎയില്‍ കലാപക്കൊടി; ടിഡിപി മന്ത്രിമാര്‍ രാജിവയ്ക്കും

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ, സമ്മര്‍ദ്ദ തന്ത്രവുമായി തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി). ആന്ധ്രാപ്രദേശിനു ‘പ്രത്യേക പദവി’ വേണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടിയുടെ രണ്ടു മന്ത്രിമാരും കേന്ദ്ര മന്ത്രിസഭയില്‍നിന്ന് വ്യാഴാഴ്ച രാജിവയ്ക്കും. ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ അറിയിച്ചെന്നും ബുധനാഴ്ച രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്നും നായിഡു കുറ്റപ്പെടുത്തി. അതസേസമയം സഖ്യം വിടുന്ന കാര്യത്തില്‍ ടിഡിപി നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടത് മുതല്‍ തുടങ്ങിയ ടിഡിപി- ബിജെപി അസ്വാരസ്യങ്ങള്‍ എന്‍.ഡി.എ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിലയിലേക്ക് നീങ്ങുകയാണ്.സംസ്ഥാന പദവി വേണമെന്ന ആവശ്യം അരുണ്‍ജെയ്റ്റ്‌ലി നിരാകരിച്ചതാണ് ടി.ഡി.പിയെ ചൊടുപ്പിച്ചത്.

ബിജെപിയുടേത് ചിറ്റമ്മ നയമാണ് എന്നാണ് നായിഡുവിന്റെ ആരോപണം. ബിജെപിക്ക് മുന്നില്‍ ഒരവസരം കൂടി അവശേഷിപ്പിച്ച് ടിഡിപി സഖ്യം വിടുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.ഒടുവിലത്തെ സമ്മര്‍ദ്ദ തന്ത്രമായാണ് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം. ആന്ധ്രക്ക് സംസ്ഥാന പദവി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിച്ച് ജെയ്റ്റ്‌ലി സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നല്‍കി കഴിഞ്ഞു.

എന്നാല്‍ ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ കേന്ദ്ര വിരുദ്ധ പ്രതിഷേധം ശക്തമാക്കിയതോടെ ടിഡിപിയും പ്രത്യേക സംസ്ഥാന പദവിയില്‍ കുറഞ്ഞൈാന്നും ഇനി പ്രതീക്ഷുന്നില്ല. ആന്ധ്രയോടുള്ള അവഗണനയില്‍ ടിഡിപിയിലെ എംപിമാരും കടുത്ത പ്രതിഷേധം പാര്‍ട്ടി യോഗങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം തങ്ങളുടെ അക്കൗണ്ടില്‍പ്പെട്ട പ്രധാന സംസ്ഥാനം കൈവിട്ടു പോകാതിരിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ബിജെപിയുടെ ചില സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും വിവരങ്ങളുണ്ട്.