ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി.വിജയകുമാര്‍ മത്സരിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അന്തിമ ധാരണയായതാണ് വിവരം.എന്നാല്‍ അന്തിമപ്രഖ്യാപനം ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡാവും നടത്തുക. ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഡി. വിജയകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഡി.വിജയകുമാറും അദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറുമായിരുന്നു സ്ഥാനര്‍ഥിയായി നേതൃത്വത്തിന്റെ അന്തിമപരിഗണനയിലുണ്ടായിരുന്നത്.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നു വന്ന ഡി.വിജയകുമാര്‍ അണികള്‍ക്കിടയിലും സ്വീകാര്യനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ് വോട്ടുകള്‍ ഉറപ്പിക്കാനും ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കുന്നത് വഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു.
സിറ്റിംഗ് എംഎല്‍എ രാമചന്ദ്രനായരുടെ അകാലമരണത്തോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.2016-ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമായതിനാല്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണ് മൂന്ന് മുന്നണികളും ചെങ്ങന്നൂരില്‍ മത്സരത്തിനിറക്കുന്നത്.