ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു:മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത ‘ഹിന്ദു യുവ സേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ കര്‍ണാടക മദ്ദൂര്‍ സ്വദേശിയായ നവീന്‍ കുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേര്‍ത്തത്.
തോക്കും വെടിയുണ്ടകളുമായി കഴിഞ്ഞമാസം ബെംഗളൂരു മജസ്റ്റിക് ബസ്റ്റാന്റില്‍ വച്ച് പിടിയിലായ നവീന്‍ കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കഴിഞ്ഞയാഴ്ച കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാളില്‍ നിന്ന് കൊലയാളികളെക്കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. നവീന്‍ കുമാറിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം അനുമതി തേടി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കില്‍ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.