വിവാഹ ദിവസം ഭാര്യയുമായി ഷാരൂഖ് ഖാന്‍റെ ഗാനത്തിനൊപ്പം നൃത്തം ചെയ്യവെ യുവാവ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

രാജസ്ഥാനിലെ ബാമര്‍ ജില്ലയിലെ ജസോള്‍ ഗ്രാമത്തിലാണ് വിവാഹദിനം തന്നെ വരനെ മരണം ദാരുണമായ രീതിയില്‍ കൂട്ടിക്കൊണ്ട്പോയത്. വിവാഹസത്ക്കാര വേദിയിലാണ് മരണം വിളിക്കാതെ കടന്നു വന്നത്. വരനും വധുവും ഷാരൂഖ് ഖാന്‍റെ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടുവെക്കുന്നതിനിടെയാണ് സംഭവം. തുജെ ദേഖാ തൊ യേ ജാനാ സനം എന്ന ഗാനത്തിനൊപ്പമായിരുന്നു യുവാവും ഭാര്യയും ചുവടുവെച്ചത്. “തേരി ബാഹോം മേം മര്‍ ജായേ” (നിന്റെ കൈകള്‍ക്കിടയില്‍ കിടന്നു മരിക്കണം) എന്ന വരിയെത്തിയപ്പോഴാണ് യുവാവ് വേദിയില്‍ കുഴഞ്ഞു വീണത്.

യുവാവിന്റേത് അഭിനയമാണെന്ന് കരുതി ഭാര്യയുള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. പിന്നീട് നൃത്തം തുടരാന്‍ വേണ്ടി പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന് അനക്കമില്ലെന്ന് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പെ മരിച്ചതായി ഡോക്ടകര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയതംഭനമാണ് മരണകാരണമെന്നാണ് വിവരം. എന്നാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. മാര്‍ച്ച് അഞ്ചിനാണ് ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.