ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി:നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്നതിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തിരിച്ചുവരാനാവാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം (പാസിവ് യുത്തനേസിയ) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം (ലിവിങ് വില്‍)ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം.

വിഷയത്തില്‍ കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സമ്മതം പത്രം എഴുതിവെച്ച ആളിന്റെ ബന്ധു ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കണം. ജില്ലാ മജിസ്‌ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അന്തിമ അനുമതി നല്‍കേണ്ടത് സംസ്ഥാനത്തെ ഹൈക്കോടതിയായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും ഹര്‍ജി സമര്‍പ്പിച്ച സന്നദ്ധ സംഘടന ചോദിച്ചു.

മരണ താത്പര്യ പത്രം ഉപാധികളോടെ അനുവദിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാത്രമല്ല ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്ന മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപത്രം ഉണ്ടായാല്‍ മാത്രമേ മരിക്കാന്‍ അനുവദിക്കാന്‍ പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.