വീപ്പയില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്; നിര്‍ണായകമായത് അസ്ഥികൂടത്തില്‍ നിന്ന് കണ്ടെത്തിയ സ്‌ക്രൂ
കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ നിര്‍ണായ കണ്ടെത്തലുമായി അന്വേഷണ സംഘം. സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പൂര്‍ത്തിയായതോടെയാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം കൊച്ചി ഉദയംപേരൂര്‍ സ്വദേശിയാണെന്ന നിഗമനത്തിലെത്തിയത്.
മൃതദേഹത്തിന്റെ അസ്ഥികൂടത്തില്‍ എല്ലിന്റെ പൊട്ടല്‍ കൂട്ടാനായി ഘടിപ്പിക്കുന്ന ലോഹ സ്‌ക്രൂ കണ്ടെത്തിയതാണ് നിര്‍ണായക വഴിത്തിരിവായത്. സ്‌ക്രൂവിലെ ബാച്ച് നമ്പര്‍ ഉപയോഗിച്ച് അത് നിര്‍മിച്ചത് പൂനെയിലെ കമ്പനിയാണെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം അവരുമായി ബന്ധപ്പെട്ടു. കമ്പനിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ ആറുപേര്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള സ്‌കൂ ഘടിപ്പിച്ചിട്ടുള്ളു എന്ന് തിരിച്ചറിഞ്ഞു.
ഇതോടെ അന്വേഷണം വെറും ആരുപേരിലേക്കായി ചുരുങ്ങി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ സ്‌ക്രൂ ഘടിപ്പിച്ച അഞ്ചു പേരെയും കണ്ടെത്തി. ഒരാളെ മാത്രം കണ്ടെത്താനായില്ല. കണങ്കാലിലെ പൊട്ടലിന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഉദയംപേരൂര്‍ സ്വദേശിനിയാണ് ഇതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പിന്നീടൊരിക്കല്‍പോലും ആശുപത്രിയില്‍ അവര്‍ ചികിത്സ തേടിയെത്തിയിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങളുമായി അകന്നു താമസിക്കുകയായിരുന്ന ഇവരെ ഒന്നരവര്‍ഷമായി കാണാനില്ലെന്ന വിവരം ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മകളെ കണ്ടെത്തി അന്വേഷണസംഘം അവരുടെ ഡിഎന്‍എ സാംപിളെടുത്താണ് ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയത്. അസ്ഥികൂടത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഡിഎന്‍എക്ക് കാണാതായ സ്ത്രീയുടെ മകളുടെ ശരീരത്തില്‍നിന്നെടുത്ത ഡിഎന്‍എയുമായി സാമ്യം കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലായിരുന്നു പരിശോധന. ഇതാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കുമ്പളം കായല്‍ക്കരയില്‍ പ്ലാസ്റ്റിക് വീപ്പയില്‍ അടച്ചനിലയില്‍ അസ്ഥികൂടം കണ്ടെടുത്തത്.