സഭയില്‍ സമാധാനവും അനുരഞ്ജനവും ഉണ്ടാകണം: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: സഭയില്‍ സമാധാനവും അനുരഞ്ജനവും ഉണ്ടാകണമെന്നും സഭാമക്കള്‍ തെരുവില്‍ പരസ്പരം പോരടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ക്രൈസ്തവികതയല്ലെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ സെക്രട്ടറി ജനറലും സീറോ മലബാര്‍ സഭയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറിയുമായ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റന്‍ പറഞ്ഞു.
സമ്പത്തും സ്ഥാപനങ്ങളും സഭയില്‍ വിശ്വാസസംരക്ഷണത്തിന് വെല്ലുവിളിയാകുന്നത് ദുഃഖകരമാണ്. സ്‌നേഹത്തിന്റെ പങ്കുവയ്ക്കലിന് നേതൃത്വം കൊടുക്കേണ്ടവരും അതിനായി നിലനില്‍ക്കേണ്ടവരും മഹത്തായ പാരമ്പര്യവും ചൈതന്യവും കെട്ടുറപ്പുമുള്ള സഭാസംവിധാനങ്ങള്‍ക്കെതിരെ മുഷ്ടിചുരുട്ടുന്നത് ആധുനികകാലഘട്ടത്തിലെ ആത്മീയതകര്‍ച്ചയാണ് വിളിച്ചറിയിക്കുന്നത്. സഭയുടെ പരമോന്നതസമിതിയായ സിനഡിന്റെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍പോലും അവഗണിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. സീറോ മലബാര്‍ സഭ ഇക്കാലമത്രയും ഉയര്‍ത്തിക്കാട്ടിയ വിശ്വാസചൈതന്യവും കെട്ടുറപ്പും തകര്‍ക്കാന്‍ വിശ്വാസിസമൂഹം ആരെയും അനുവദിക്കില്ല.
പൊതുസമൂഹത്തില്‍ എക്കാലവും ഉയര്‍ന്നുനില്‍ക്കുന്ന സഭയുടെ നിലയും വിലയും ന?കളും മഹത്തായ സേവനങ്ങളും ഇല്ലായ്മചെയ്യാന്‍ ക്രൈസ്തവവിരുദ്ധ കേന്ദ്രങ്ങളോടുചേര്‍ന്ന് സഭയിലെ ചിലര്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരവും നിര്‍ദോഷികളായ വിശ്വാസികളെ ഇതിനായി ചാവേറുകളും ഉപകരണങ്ങളുമാക്കുന്നത് മാപ്പര്‍ഹിക്കാത്ത അതിക്രൂരതയാണ്. അടുത്തകാലത്ത് സഭയിലുണ്ടായ വിവാദങ്ങള്‍ സഭാമക്കളുടെ ഹൃദയത്തിലേല്‍പ്പിച്ച മുറിപ്പാടുകളും വിശ്വാസത്തിനുണ്ടായ ഇടര്‍ച്ചയും വളരെ വലതാണ്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കണ്ടെത്താതെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി അതിരൂക്ഷമാക്കുന്ന സാഹചര്യം സഭയുടെ തകര്‍ച്ചയ്ക്കിടനല്‍കുമെന്ന് തിരിച്ചറിയണം. രാജ്യനിയമങ്ങളെ മാനിച്ചും കാനോനികസംവിധാനങ്ങളെ അംഗീകരിച്ചും പരസ്പരം ക്ഷമിച്ചും സ്‌നേഹവും സഹകരണവും ഐക്യവും ഊട്ടിയുറപ്പിച്ച് മുന്നോട്ടുനീങ്ങുവാന്‍ സഭാമക്കള്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി ജനറല്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി