അന്തരാഷ്ട്ര വനിതാദിനം ആഘോഷമാക്കി ഓസ്ട്രിയയിലെ ഡബ്ലിയു.എം.എഫ് വിമന്‍സ് ഫോറം

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സും, സംഘടനയുടെ വനിതാഫോറവും അന്തരാഷ്ട്ര വനിതാദിനം വിപുലമായി ആഘോഷിച്ചു. മാര്‍ച്ച് 8ന് സംഘടിപ്പിച്ച ചടങ്ങില്‍ വിയന്നയിലെ ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെ അംഗം ആന്‍ഡ്രിയ കാംപെല്‍ മ്യുലര്‍ മുഖ്യ അതിഥിതിയായിരുന്നു.

വിശിഷ്ട അതിഥിയായി എത്തിയ കൊച്ചുത്രേസ്യ കോലംചേരിയും വിമന്‍സ് ഫോറം പ്രസിഡണ്ട് ബീന വെളിയത്തും വേദി പങ്കിട്ടു. മുഖ്യ പ്രഭാഷണം നടത്തിയ ആന്‍ഡ്രിയ കാംപെല്‍ ഓസ്ട്രിയയിലെ വനിതാമുന്നേറ്റത്തിന്റെ ചരിത്രം വിവരിച്ചു. സ്ത്രീ സമൂഹത്തിലും കുടുംബത്തിലുംവഹിക്കുന്ന പങ്കിനെ ആസ്പദമാക്കി കൊച്ചുത്രേസ്യ കോലംചേരി സംസാരിച്ചു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മേളനത്തതില്‍ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയതിന്റെ പശ്ചാത്തത്തിലാണ് 2018ല്‍ കൂടുതല്‍ പരിപാടികള്‍ വനിതകള്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ചതെന്ന് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ജെന്നി പുത്തന്‍പുരയ്ക്കല്‍ വനിത ദിനത്തിന്റെ പ്രാധാന്യത്തെ പ്രതിപാദിച്ച് പ്രബന്ധം അവതരിപ്പിച്ചു. ബ്ലെസ്സി ബെന്നിയുടെയും, വിന്‍സെന്റ് പയ്യപ്പിള്ളിയുടെയും സംഗീതം സദസിന് ഉണര്‍വേകി. അതേസമയം ഡബ്ലിയു.എം.എഫ് കമ്മിറ്റിയില്‍ നിന്നുള്ള നൈസി കണ്ണംപാടം നയിച്ച പ്രശ്‌നോത്തരി ഏറെ ശ്രദ്ധേയമായി. അഡ്വ. ഘോഷ് അഞ്ചേരില്‍ സമ്മങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

ചടങ്ങില്‍ ഓസ്ട്രിയ പ്രോവിന്‌സിന്റെ പ്രസിഡന്റ് തോമസ് പടിഞ്ഞാറെകാലായില്‍ പുതിയ യൂത്ത് കോഓര്‍ഡിനേറ്ററായി ബ്ലെസി ബെന്നിയെ പ്രഖ്യാപിച്ചു. അല്‍ഫോന്‍സാ ചൊവ്വൂകാരന്‍, ഷിജി പള്ളിക്കുന്നേല്‍, വര്‍ഗീസ് പഞ്ഞിക്കാരന്‍, റെജി മേലഴകത്ത്, സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജാന്‍സി മേലഴകത്ത് മോഡറേറ്ററായിരുന്ന ചടങ്ങില്‍ ഫോറം പ്രസിഡന്റ് ബീന വെളിയത്ത് അധ്യക്ഷ ആയിരുന്നു. ഫോറം സെക്രട്ടറി നീന എബ്രഹാം നന്ദി പറഞ്ഞു. വനിതാ ഭാരവാഹികള്‍ തയ്യാറാക്കിയ ലഘുഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു.