ഷുഹൈബ് വധത്തിലെ പ്രതികളെ സിപിഎം പുറത്താക്കി

മട്ടന്നൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി പി എം പാര്‍ട്ടിയില്‍ നിന്നുംപുറത്താക്കി. ആകാശ് തില്ലങ്കേരി, ടി കെ അസ്‌കര്‍, കെ അഖില്‍, സി എസ് ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. സി പി എം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടേതാണ് നടപടി. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്ന് നേരത്തെതന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഫെബ്രുവരി 12 ന് രാത്രി പത്തരയോടെയാണ് ഷുഹൈബിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മട്ടന്നൂരിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന് ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കോലാഹലങ്ങള്‍ക്കിടയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൊലക്കേസില്‍ പ്രതികളായവരെ സിപിഎം പുറത്താക്കിയിരിക്കുകയാണ്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റിലായവരെല്ലാം കടുത്ത സിപിഎം പ്രവര്‍ത്തകരാണ്. ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ സിപിഎമ്മിന്റെ സജീവമായ സൈബര്‍ പോരാളികള്‍ കൂടിയാണ്. പ്രതികളുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സിപിഎമ്മിന് പക്ഷേ പിന്നീട് നിലപാട് തിരുത്തേണ്ടതായി വന്നു. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണ് എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് തുറന്ന് സമ്മതിക്കേണ്ടി വന്നു.