ഉണ്ട നിറച്ച തോക്ക് വച്ചു സെല്‍ഫിയെടുത്തയാള്‍ വെടിയേറ്റു മരിച്ചു; ബന്ധു അറസ്റ്റില്‍
ന്യൂഡല്‍ഹി: സെല്‍ഫിയൊക്കെ നല്ലതു തന്നെയാണ് പക്ഷെ അതില്‍ അതിരുവിട്ട സാഹസികതയൊക്കെ നടത്തി ആളാവാന്‍ നോക്കിയാല്‍ ചിലപ്പോള്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലായേക്കും. ഇത്തരത്തില്‍ സെല്‍ഫി ഭ്രാന്ത് മൂത്ത് സുരക്ഷയൊക്കെ മറന്നു പടം പിടിക്കാന്‍ നോക്കി ജീവന്‍ നഷ്ട്ടപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ നാം കാണാറുണ്ട്. അതിലേക്കു മറ്റൊന്നുകൂടി.
സോഷ്യല്‍ മീഡിയയില്‍ ആളാവാന്‍ തിര നിറച്ച തോക്ക് ഉപയോഗിച്ചു സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ ഡല്‍ഹിയില്‍ യുവാവ് വെടിയേററ്റു മരിച്ചു. ഡല്‍ഹിയിലെ സരിതാ വിഹാറിലെ പ്രശാന്ത് ചൗഹാനാണു ഫോട്ടോയ്‌ക്കൊപ്പം പോസ് ചെയ്ത പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരനായ ബന്ധുവാണു തോക്കിന്റെ ട്രിഗര്‍ വലിച്ചത്.
വെടിയേറ്റ പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെന്നു കാട്ടി 6.35നാണ് അപ്പോളോ ആശുപത്രിയില്‍നിന്നു സന്ദേശം ലഭിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ചിന്‍മയ് ബിസ്വാള്‍ പറഞ്ഞു. ഷാഹ്ധരയിലെ അധ്യാപകനാണു ചൗഹാന്‍. പൊലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരന്റെ പിതാവ് പ്രമോദ് ചൗഹാന്റെ പേരിലാണു തോക്കിന്റെ ലൈസന്‍സ്. സംഭവം നടക്കുമ്പോള്‍ പ്രമോദ് വീട്ടിലില്ലായിരുന്നു.
മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്ത പ്രമോദിന്റെ നടപടിയും പൊലീസ് പരിശോധിക്കുന്നുണ്ട്. തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു.